കൊച്ചി : ഫാക്ടിൽ കേന്ദ്രാനുമതി ലഭിക്കുന്നതിന് മുമ്പ് കൂട്ടി നൽകിയ വീട്ടു വാടക അലവൻസും (എച്ച്.ആർ.എ) എൽ.ടി.ഇയും ജീവനക്കാർ വിരമിച്ചപ്പോൾ തിരിച്ചു പിടിച്ചത് റീ ഫണ്ട് ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരിച്ചു പിടിച്ച തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നതിനാൽ ഇതിന്റെ പലിശയും നൽകണം. ഫാക്ടിലെ റിട്ട. അസി. ജനറൽ മാനേജർ എം. ബാബു ഉൾപ്പെടെ ഒരുകൂട്ടം മുൻ ജീവനക്കാർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. 2012 ആഗസ്റ്റിലാണ് ജീവനക്കാരുടെ എച്ച്. ആർ.എ യും എൽ.ടി.ഇയും വർദ്ധിപ്പിച്ചത്. വർദ്ധന കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് വിധേയമായാണെന്നും അനുമതി ലഭിക്കും മുമ്പ് ജീവനക്കാർ വിരമിച്ചാൽ തുക തിരിച്ചു പിടിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് എട്ടു വർഷമായി വിരമിക്കുന്ന ജീവനക്കാരിൽ നിന്ന് തുക തിരിച്ചു പിടിക്കുന്നുണ്ട്.
ഇൗ സാഹചര്യത്തിൽ എച്ച്.ആർ.എ, എൽ.ടി.ഇ വർദ്ധനയ്ക്ക് കേന്ദ്രാനുമതി നൽകാൻ നിർദ്ദേശിക്കണമെന്നും പിടിച്ച തുക പലിശ സഹിതം തിരിച്ചു നൽകാൻ നിർദ്ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ 2020 ഡിസംബർ പത്തിന് അനുമതി നൽകിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതനുസരിച്ച് ജീവനക്കാരിൽ നിന്ന് പിടിച്ചതുക തിരിച്ചു നൽകാൻ ജനുവരി 13 ന് ഉത്തരവിറക്കിയെന്ന് ഫാക്ടിന്റെ അഭിഭാഷകനും വ്യക്തമാക്കി. പലിശ കൂടി നൽകാൻ നിർദ്ദേശിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. തുടർന്ന് ഇൗ ആവശ്യം നിരസിച്ച സിംഗിൾ ബെഞ്ച് നിശ്ചിത സമയപരിധിക്കകം പണം നൽകിയില്ലെങ്കിൽ 2020 ഡിസംബർ പത്തു മുതൽ ഒമ്പതു ശതമാനം പലിശ നൽകേണ്ടി വരുമെന്നും വ്യക്തമാക്കി.