ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലായി. ഒഴിവുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടിക്ക് കൂനിന്മേൽ കുരുവായത്.
പ്രസിഡന്റ് വിജയൻ മുള്ളംകുഴി രാജിവെച്ചത് സഹഭാരവാഹികളുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നെങ്കിലും സാഹചര്യം ഇത്രയും മോശമായിരുന്നില്ല. സ്ഥിതി ഇത്രയും മോശമാക്കിയതിന് പിന്നിൽ നിയോജകമണ്ഡലം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവർത്തകരുടെ ആക്ഷേപം. ഒഴിവുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെ നിയോഗിക്കേണ്ടതിന് പകരം ജനറൽ സെക്രട്ടറി ഒഴികെ മുഴുവൻ പേരെയും മാറ്റാൻ നടത്തിയ നീക്കമാണ് വിനയായത്. പഞ്ചായത്ത് അതിർത്തിയിൽ സ്ഥിരതാമസമില്ലാത്തയാളെയാണ് പ്രസിഡന്റായി നിയോജകമണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചത്. സജീവമായി പ്രവർത്തന രംഗത്തുള്ള മറ്റൊരാൾ തന്നെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിച്ചെങ്കിലും പരിഗണിച്ചില്ല. പിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉണ്ടാക്കാനാകാത്തതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ജനറൽ സെക്രട്ടറിയും രാജിവച്ചു. യഥാർത്ഥകാരണം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് അങ്ങാടിപ്പാട്ടാണ്.
ജനറൽ സെക്രട്ടറിയുടെ രാജി കാര്യമാക്കാതെ ജനറൽ സെക്രട്ടറിയെ മാത്രം നിലനിർത്തി പുതിയ കമ്മിറ്റി അണിയറയിൽ തയ്യാറാകുന്നുണ്ട്. പ്രവർത്തകരുടെ വികാരം മാനിക്കാതെ ഭാരവാഹികളെ കെട്ടിയിറക്കിയാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും ഉൾപ്പെടെ വിട്ടുനിൽക്കാനാണ് നിലവിലുള്ള ഭാരവാഹികളെ അനുകൂലിക്കുന്നവരുടെ തീരുമാനം. നാളെയും മറ്റെന്നാളുമായി തോട്ടുമുഖം വൈ.എം.സി.എയിൽ നടക്കുന്ന മണ്ഡലം പഠനശിബിരത്തിൽ ഗ്രൂപ്പ് തർക്കം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.