കിഴക്കമ്പലം: പാടത്തു പണിയേണ്ട ട്രാക്ടറുകൾക്ക് പഞ്ചായത്തു വളപ്പിൽ സുഖനിദ്ര. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകേണ്ട ട്രാകടറുകളാണ് കിഴക്കമ്പലം പഞ്ചായത്ത് ഓഫീസ് വളപ്പിൽ തുരുമ്പെടുത്ത് നശിക്കുന്നത്. ഇവിടെ അറ്റകുറ്റപ്പണികൾക്കായി കയറ്റി ഇട്ടതാണ്. നാളിതു വരെയായിട്ടും പണികൾ പൂർത്തിയാക്കത്തതിനാൽ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. 2 ട്രാക്ടറുകളാണ് ഇതേ തുടർന്ന് മാസങ്ങളായി പഞ്ചായത്ത് വളപ്പിൽ സൂക്ഷിക്കുന്നത്. പഞ്ചായത്തിലെ കർഷകർക്ക് കൃഷിക്കായി വിവിധ പാടശേഖര സമിതികൾക്ക് ട്രാക്ടറുകൾ പഞ്ചായത്ത് വിട്ടു നൽകാറുണ്ട്. എന്നാൽ കേടുപാട് സംഭവിച്ചപ്പോൾ പഞ്ചായത്ത് വളപ്പിൽ കൊണ്ടിട്ടത് പിന്നീട് പുറത്തിറക്കാനായിട്ടില്ല. പഞ്ചായത്തിലെ വിവിധ പാടശേഖരത്തിനു സമീപം ഒട്ടേറെ ടില്ലറുകളും ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഇവയെല്ലാം ഉപയോഗപ്രദമാക്കി കർഷകർക്കു വിട്ടു നൽകണമെന്നാണ് ആവശ്യം.
അറ്റകുറ്റപ്പണി നടത്തി കർഷകർക്ക് നൽകണം
വിവിധ പാടശേഖര സമിതികൾക്ക് നൽകിയ കാർഷിക ഉപകരണങ്ങളെല്ലാം കേടുപാട് സംഭവിച്ച നിലയിലാണ്. വേണ്ട സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഒട്ടേറെ പാടശേഖരങ്ങളിൽ ടില്ലറുകളും ഉപയോഗ ശൂന്യമായിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തി കർഷകർക്ക് വിട്ടു കൊടുക്കണമെന്ന് തീരുമാനം എടുത്തിട്ടുള്ളതാണ്. ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് പറഞ്ഞു.