കൊച്ചി : അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് സർക്കാർ ആശ്രിത നിയമനം നൽകിയതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കാൻ മാറ്റി. എൻജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനിയർ തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ചാണ് നിയമിച്ചത്.
എം.എൽ.എ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്നും പിതാവിന്റെ മരണത്തെത്തുടർന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് മകന് ജോലി നൽകിയതെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ, നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പ്രത്യേകം അധികാരം വിനിയോഗിച്ചാണ് നിയമനം നൽകിയതെന്ന് സർക്കാർ വിശദീകരിച്ചു. 2018 ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ജോലി നൽകിയതെന്നും പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറഞ്ഞു. പ്രശാന്തിന് ജോലി നൽകിയത് തനിക്ക് ഏതെങ്കിലും തരത്തിൽ ദോഷകരമായെന്ന് ഹർജിക്കാരന് പരാതിയില്ല. ഇൗ വിഷയത്തിൽ പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ വിശദീകരിച്ചു.