gtaste

കൊച്ചി: ഗ്രാമീണ വീട്ടമ്മമാരുടെ കൈപ്പുണ്യത്തിൽ ഒരുക്കുന്ന വിഭവങ്ങൾക്ക് ഓൺലൈൻ വിപണനം ഒരുക്കി യുവാക്കൾ. എം.ബി.എ ബിരുദധാരികളായ മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി വി.കെ. ഉണ്ണികൃഷ്ണൻ, പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശി പി. പ്രദീഷ് എന്നിവർ ചേർന്ന് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ജി- ടെയ്സ്റ്റ് എന്ന പുതിയ മൊബൈൽ ആപ്പിലൂടെ ഒരു നാടിന്റെ തനതുരുചി നാട്ടിലെങ്ങും പ്രചരിക്കാൻ അവസരമൊരുക്കുകയാണ്.

നാടൻ ഭക്ഷണ പദാർത്ഥങ്ങൾ, പാൽ, കേക്ക്, പച്ചക്കറികൾ, പഴവർഗങ്ങൾ, വാഴയില, കറിപൗഡർ, തേൻ, സുഗന്ധ വ്യഞ്ജനങ്ങൾ, കാപ്പിപ്പൊടി തുടങ്ങി വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും ഉത്പന്നങ്ങളും ആപ്പിലോടെ നേരിട്ട് വിപണനം നടത്താം. മൊബൈലിൽ ആപ് ഇൻസ്റ്റാൾ ചെയ്തശേഷം മുൻകൂറായാണ് ഓർഡർ നൽകേണ്ടത്. ഭക്ഷണം ലഭിക്കേണ്ട തീയതി, സമയം, സ്ഥലം എന്നിവ തിരഞ്ഞെടുത്ത് പ്രദേശത്ത് ലഭ്യമായ വീട്ടമ്മമാർക്ക് ഓർഡർ നൽകുകയാണ് രീതി.

ആപ്പിന്റെ പിറവി

2019 ലാണ് ഇരുവരുടെയും മനസിൽ ആശയം മൊട്ടിട്ടത്. കളമശേരി എച്ച്.എം.ടി റോഡിലെ ടെക്നോസിറ്റിയിലാണ് സംരംഭത്തിന്റെ ആസ്ഥാനം. ജില്ലയിലെ നിരവധി വീട്ടമ്മമാർ ഇപ്പോൾ ജി- ടെയ്സ്റ്റിന്റെ ഭാഗമാണ്. കൊവിഡ് മൂലം ജോലി നഷ്ടപ്പെടുകയോ ജോലിക്ക് പോകാൻ സാധിക്കാത്തവരോ ആണ് ഭൂരിഭാഗവും. കേന്ദ്ര സർക്കാർ പുതിയ സ്റ്റാർട്ടപ്പുകൾക്കായി നടത്തിയ ഉഡാൻ, ഉദ്ധം ആൻഡ് ഉഡാൻ പ്രോഗ്രാമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക കമ്പനി എന്ന പ്രത്യേകതയും ജി- ടെയ്സ്റ്റിനുണ്ട്.

വീട്ടമ്മമാർക്ക് വരുമാനം

മായമില്ലാത്ത നല്ല ഭക്ഷണം ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതോടൊപ്പം വീട്ടമ്മമാർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം ഉറപ്പാക്കുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം.

വി.കെ ഉണ്ണികൃഷ്ണൻ

തനതുരുചി

ഓരോ പ്രദേശത്തേയും തനതു രുചിയോടുള്ള ഭക്ഷണങ്ങൾ ആവശ്യക്കാർക്ക് നൽകാൻ ഇതുവഴി കഴിയും. വീട്ടമ്മമാർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.

പി പ്രദീഷ്