മൂവാറ്റുപുഴ: റീബിൽഡ് കേരളം 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പാൽ, മുട്ട, ഇറച്ചി സ്വയംപര്യാപ്ത ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ഈ മാസം 25ന് രാവിലെ 10.30ന് ആയവന ഗ്രാമപഞ്ചായത്തിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. പദ്ധതിക്കായി 50ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ സമീപകാലത്തുണ്ടായ മഹാപ്രളയങ്ങളിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകരെ വീണ്ടും ക്ഷീര കാർഷിക മേഖലയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പശു വളർത്തലിനായി രണ്ട് പശുക്കളെ ഉൾപ്പെടുന്ന 30യൂണിറ്റുകൾക്ക് യൂണിറ്റൊന്നിന് 60,000രൂപയാണ് നൽകുന്നത്. കിടാരി വളർത്തലിന് ഒരുവയസ് പ്രയമായ പശുക്കിടാവിനെ വാങ്ങുന്നതിന് എട്ട് യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 15,000രൂപയും, ആട് വളർത്തുന്നതിന് ആറ് ആടുകളെ വീതം 10യുണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 25,000രൂപയും, പന്നി വളർത്തുന്നതിന് 10പന്നിക്കുഞ്ഞുങ്ങളെ എട്ട് യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 50,000രൂപയും, കോഴി വളർത്തുന്നതിന് രണ്ട് മാസം പ്രായമായ അഞ്ച് കോഴി വീതം 140യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 500രൂപ വീതവും, തീറ്റപ്പുൽ കൃഷിക്ക് 52യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 10,000രൂപയും, പശു തൊഴുത്ത് നിർമ്മാണത്തിന് (എസ്റ്റിമേറ്റ് തുകയുടെ 50ശതമാനം ) 10യൂണിറ്റിുകൾക്ക് യൂണിറ്റ് ഒന്നിന് 25,000രൂപയും, കാലിത്തീറ്റയ്ക്കായി രണ്ട് ചാക്ക് വീതം ആറ് മാസത്തേയ്ക്ക് 90യൂണിറ്റുകൾക്ക് യൂണിറ്റ് ഒന്നിന് 6000രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ മൃഗാശുപത്രികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മഹാപ്രളയത്തിൽ കന്നുകാലികളെ നഷ്ടപ്പെടുകയും തൊഴുത്തുകൾക്ക് തകരുകയും തീറ്റപ്പുൽ കൃഷിയടക്കം നശിക്കുകയും ചെയ്ത കർഷകരെ സഹായിക്കുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.