kaumudi
കഴിഞ്ഞ 13ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ എടയപ്പുറം മേഖലയിലെ വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ സ്ലൂയിസ് ഗേറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെക്കുറിച്ച് അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ നിർദേശം നൽകിയത്. ആലുവ നഗരസഭ അതിർത്തിയിലും കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുമായി താമസിക്കുന്ന നൂറ്റമ്പതോളം കുടുംബങ്ങളായിരുന്നു പരാതിക്കാർ.

 പെരിയാറിൽ ജലനിരപ്പുയർന്നാൽ കെടുതി

വർഷകാലത്ത് പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ തോട്ടുമുഖം തുരുത്തിതോടിലൂടെയാണ് ആലുവ ഈസ്റ്റ്, തോട്ടുമുഖം, എടയപ്പുറം നോർത്ത് ഭാഗങ്ങളിൽ വെള്ളം കയറുന്നത്. തുടർച്ചയായി വർഷക്കാലത്ത് വെള്ളം കയറുന്നതിനാൽ ഈ മേഖലയിലുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. ഒന്നര കിലോമീറ്റർ നീളമുള്ള തോട്ടിലൂടെ വെള്ളമൊഴുകി എടയപ്പുറം വടക്കുഭാഗത്ത് തരിശായി കിടക്കുന്ന പാടശേഖരത്തിൽ എത്തും. ഇവിടെ ഉയർന്ന പ്രദേശമായതിനാൽ ഒഴുകിപ്പോകാതെ സമീപത്തെ വീടുകളിലേക്ക് കയറും. എല്ലാ വർഷവും ഈ ദുരിതത്തിൽ വലയുകയാണ് പ്രദേശവാസികൾ. അതിനാൽ വർഷകാലത്ത് പെരിയാറിൽ നിന്ന് വെള്ളം ഒഴുകുന്നത് തടയുവാൻ തോട് ആരംഭിക്കുന്ന ഭാഗത്ത് സ്ലൂയിസ് ഗേറ്റ് നിർമ്മിണമെന്നാണ് ആവശ്യം.