കൊച്ചി: പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസിനെ ഒപ്പം കൂട്ടുന്നതിന് സി.പി.എം നീക്കം ശക്തമാക്കി. നാളെ അദ്ദേഹം നയം വ്യക്തമാക്കിയാൽ സ്വീകരിക്കാനും, ഇടതു സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കാനുമാണ് ആലോചന.
കൊച്ചിയിലെ ഒരു സംഘടനാ പ്രതിനിധികൾക്കൊപ്പം കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാട്ടിലെ ആവശ്യങ്ങളാണ് ചർച്ച ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും, രാഷ്ട്രീയസ്ഥിതിയും വിഷയമായതായാണ് സൂചന. കുണ്ടന്നൂർ, വൈറ്റില ഫ്ളൈ ഓവറുകളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രി ജി. സുധാകരനും കെ.വി. തോമസിനെ നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. തോമസിന്റെ നിലപാടിനെ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സ്വാഗതം ചെയ്തിട്ടുണ്ട്.
കോൺഗ്രസ് വിട്ടുവരാൻ തയ്യാറായാൽ എറണാകുളം, അരൂർ, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളിലൊന്നിൽ സ്വതന്ത്രനായി സീറ്റ് നൽകുന്നതും സി.പി.എം പരിഗണിക്കുന്നുണ്ട്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ കൂടുതൽ നേട്ടങ്ങൾക്ക് കെ.വി. തോമസിനെ വിനിയോഗിക്കാമെന്നാണ് വിലയിരുത്തുന്നത്.
കെ.വി. തോമസിനെ അനുനയിപ്പിക്കാൻ കാര്യമായ നീക്കങ്ങൾ കോൺഗ്രസ് നടത്തിയിട്ടില്ല. എ, ഐ ഗ്രൂപ്പുകൾ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി അടുപ്പമുണ്ടെങ്കിലും ,രാഹുൽ ഗാന്ധിയുമായി അകൽച്ചയിലാണ് കെ.വി. തോമസ്. അതിനാൽ ദേശീയ നേതൃത്വവും ഇടപെട്ടിട്ടില്ലെന്നാണ് സൂചനകൾ. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ നിരന്തരമായി അവഗണിക്കുന്ന സാഹചര്യത്തിൽ, പാർട്ടിയിൽ തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് കെ.വി. തോമസ്.