കൊച്ചി: കോടികൾ ചെലവിട്ട് നിർമിച്ച എറണാകുളം ബോട്ടുജട്ടിയുടെ അസ്ഥാനത്ത് ആലുമുളച്ചിട്ടും ഭരണാധികാരികൾക്ക് കുലുക്കമില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച മന്ദിരവും അതിനുമുകളിലുള്ള വാച്ചുടവറും നാശത്തിന്റെ വക്കിലാണ്. കേന്ദ്രസർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായത്തോടെ 10 വർഷം മുമ്പാണ് കായൽതീരത്ത് മനോഹരമായൊരു സൗധം പൂർത്തിയാക്കിയത്. നാളിതുവരെ ഉദ്ഘാടന മാമാങ്കം നടക്കാത്തതുകൊണ്ട് വീരകേസരികളുടെ പേരെഴുതിയ ജാതകഫലകവുമില്ല.
ഭാരതത്തിന്റെ അഭിമാനസ്തംഭമായ സ്വാമി വിവേകാനന്ദന്റെ പേരിട്ട ബോട്ടുജെട്ടിക്കാണ് ഈ ഗതികേട് എന്നോർത്ത് മലയാളികൾ ഒരുനിമിഷം തലകുനിക്കണം.
അവരും വന്നില്ല
സർക്കാർ ഖജനാവിലെ പണം ചെലവഴിച്ച് നിർമിക്കുന്ന പൊതുമുതൽ യഥാസമയം ഉദ്ഘാടനം ചെയ്തില്ലെങ്കിൽ അതിക്രമിച്ചുകയറി വെട്ടിത്തുറക്കുന്നവരും ഈ വഴിവന്നിട്ടില്ല.
തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താൽ കൊച്ചി കോർപ്പറേഷൻ ഇടംകോലിട്ടതാണ് ഉദ്ഘാടനം പോലും നടത്താതെ കെട്ടിടം നശിക്കാൻ കാരണം. അനുമതി ഇല്ലാത്ത കെട്ടിടത്തിന് വൈദ്യുതിയും വെള്ളവും ലഭിക്കില്ല. അത്തരമൊകു കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാർക്കും താൽപര്യമില്ല. ജനാധിപത്യഭരണമുള്ള ഒരു സംസ്ഥാനത്ത് വിവിധ വകുപ്പുകൾക്കിടയിലെ അധികാര വടംവലിയുടെ സ്മാരകമായി ആ സൗധം മാറിയിരിക്കുന്നു.ഒരുപാട് വൈകിപ്പോയെങ്കിലും ഇന്നത്തെ ദിവസം തുറന്നുകൊടുത്താലും സർക്കാർ നിർദ്ദേശിക്കുന്ന പ്രവേശഫീസ് നൽകി ഓടിക്കയറാൻ ആയിരങ്ങൾ ക്യൂവിൽ നിൽക്കും. അത്രകണ്ട് പ്രാധാന്യമുള്ളതാണ് ഇവിടുത്തെ വാച്ച് ടവർ. അഴിമുഖവും അസ്തമയസൂര്യനും, കൂറ്റൻ കപ്പലുകളും, കൊച്ചി കായലിന്റെ വശ്യമനോഹാരിതയുമെല്ലാം ഒരിടത്തുനിന്ന് നിന്ന് ആസ്വദിക്കാൻ കഴിയുമെന്നതാണ് ബോട്ടുജെട്ടിയിലെ വാച്ച് ടവറിന്റെ പ്രത്യേകത. നിർമാണം പൂർത്തിയാക്കിയ കാലം മുതൽ അതിലൊന്നുകയറാൻ കൊതിക്കുന്നവരുണ്ട്. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം ഇതിന്റെ ഡ്രോയിംഗ് വരച്ച ആർക്കിടെക്കുമുതൽ പണം മുടക്കിയ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർവരെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. അനാഥമായ മൂന്നുനില കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടിക്കെട്ടുകൾ തകർന്നുതുടങ്ങി. ആൽമരങ്ങൾ എത്രയെണ്ണം എവിടെയൊക്കെ തായ് വേരിറക്കിവളരുന്നുണ്ടെന്ന് ഒരു നിശ്ചയവുമില്ല. ഒരുവലിയകെട്ടിടം ചെറിയൊരു അരയാൽതോട്ടമായി. ഇനിയെങ്കിലും വകുപ്പുകൾക്കിടയിലെ തർക്കം അവസാനിപ്പിച്ച് പൊതുമുതലിന്റെ ആനുകൂല്യം പൊതുജനങ്ങൾക്ക് നൽകിയിരുന്നെങ്കിൽ എന്നാണ് കൊച്ചിക്കാരുടെ ആത്മഗതം.