agri
തൊഴിലാളികൾ ആലുവ വിത്തുത്പാദന കേന്ദ്രത്തിൽ

ആലുവ: ശതാബ്ദി പിന്നിട്ട ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം ഇരട്ട അംഗീകാരത്തിന്റെ നിറവിലാണ്. കൃഷി വകുപ്പിൻറ മികച്ച ഫാമിനും മികച്ച ഫാം ഓഫീസർക്കുമുള്ള ഹരിതകീർത്തി അവാർഡുകളാണ് പെരിയാറിന് നടുവിലെ വിത്തുത്പാദന കേന്ദ്രത്തെ തേടിയെത്തിയത്.

തിരുവിതാംകൂർ രാജാവിന്റെ കാലത്ത് ആരംഭിച്ച കൃഷിപാഠശാല ഇപ്പോൾ ജില്ല പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ്. രാജ്യത്തെ ഏക ജൈവ വിത്തുത്പാദന കേന്ദ്രമെന്ന അംഗീകാരം 2012ലാണ് ലഭിച്ചത്. സ്വാതന്ത്ര്യം നേടിയതിനുശേഷം സംസ്ഥാന സർക്കാരിന്റെ വിത്തുത്പാദന കേന്ദ്രമാക്കി. പിന്നീടാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തത്.

സംയോജിതകൃഷിയുടെ വിജയഗാഥ

സംയോജിത കൃഷിരീതിയാണ് കേന്ദ്രത്തിന്റെ പ്രത്യേകത. പ്രധാന കൃഷി നെല്ലാണെങ്കിലും മറ്റ് കാർഷിക വിളകളും ഇവിടെയുണ്ട്. പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയവയുമുണ്ട്. 13 ഏക്കർ സ്ഥലത്താണ് കൃഷിപ്പാടം. നാല് ബ്ലോക്കുകളായി തിരിച്ചാണ് നെൽക്കൃ2ഷി. 3.21 ഏക്കറിൽ പച്ചക്കറി, വാഴ കൃഷി. തേനീച്ച മുതൽ കാസർകോട് കുള്ളൻ എന്ന നാടൻ പശുവിനത്തെവരെ ഇവിടെ വളർത്തുന്നുണ്ട്.

നാടൻ പശുക്കളുടെ ചാണകം, മൂത്രം എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ജൈവ കീടനാശിനികളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കളനശീകരണം, കീട നിയന്ത്രണം തുടങ്ങിയവ ചെയ്യുന്നത് താറാവുകളാണ്. നൂറോളം താറാവുകളുണ്ട്. രക്തശാലി, ഞവര, ജപ്പാൻ വയലറ്റ്, വെള്ളത്തൊണ്ടി, കയമ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന നെല്ലിനങ്ങൾ.

പ്രളയവും മറികടന്ന്

പ്രളയത്തെ അതിജീവിച്ച വിത്തുൽപാദനകേന്ദ്രം പുത്തൻ പദ്ധതികളുമായാണ് ഉയർത്തെഴുന്നേറ്റത്. ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി പുതിയ കവാടം സ്ഥാപിച്ചിട്ടുണ്ട്. കവാടത്തിൽനിന്ന് വള്ളിപ്പന്തലിന് താഴെ കയർ ഭൂവസ്ത്രം വിരിച്ച നടവരമ്പിലൂടെ നടന്ന് വിത്തുത്പാദന കേന്ദ്രത്തിലെത്താം.

പെരിയാറിന്റെ തീരത്ത് വിശ്രമിക്കാൻ ചെറുകൂടാരങ്ങൾ, ഏറുമാടം എന്നിവ സമീപകാലത്ത് നിർമിച്ചിട്ടുണ്ട്. ഫാമിലേക്ക് പുതിയ യാത്രാബോട്ട്, പെരിയാറിനും തൂമ്പാത്തോടിനും ഇടയിൽ ഫ്ളോട്ടിംഗ് ജെട്ടികൾ, പുഴയോട് ചേർന്ന് സംരക്ഷണ ഭിത്തി, ദേശം ഭാഗത്തുനിന്ന് പുതിയ പാലം എന്നിവ ഒരുക്കാനുള്ള തയാറെടുപ്പിനിടയിലാണ് അംഗീകാരമെത്തിയത്.

വിത്തുത്പാദന കേന്ദ്രത്തിലെ ഫാം ഓഫീസർ ലിസിമോൾ ജെ. വടക്കൂട്ടിനാണ് ഫാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ്. കൃഷി ഓഫീസറായിരുന്ന ലിസിക്ക് കഴിഞ്ഞയാഴ്ചയാണ് കൃഷി അസി. ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. ഈ കേന്ദ്രത്തിലെയടക്കം പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയായിരുന്നു ഈ നേട്ടം.