കൊച്ചി: കൊച്ചപ്പിള്ളി തോട്ടിലെ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയാക്കാൻ രണ്ടു മാസംകൂടി സമയംതേടി കണയന്നൂർ തഹസിൽദാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഹൈക്കോടതി നിർദേശപ്രകാരം സർവേ നടത്താൻ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. ഇവർ പ്രാഥമിക സർവേനടപടികൾ പൂർത്തിയാക്കി രൂപരേഖ സമർപ്പിച്ചിരുന്നു. കൂടുതൽ വിശദമായ സർവേ നടപടികൾക്ക് സമയം വേണം. കൊവിഡ് സാഹചര്യവും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളും കണക്കിലെടുത്ത് കൂടുതൽ സമയം അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇടപ്പള്ളി, കൊച്ചപ്പിള്ളി തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കടവന്ത്ര സ്വദേശി കെ.ടി. ചെഷയർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്.