കൊച്ചി: ജനകീയ പങ്കാളിത്തത്തോടെ കൊതുകിനെ തുരുത്താനുള്ള വിപുലപദ്ധതികളുമായി കൊച്ചി കോർപ്പറേഷൻ. അതാത് കൗൺസിലർമാരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനമെന്ന് മേയർ അഡ്വ,എം. അനിൽകുമാർ പ്രഥമകൗൺസിൽ യോഗത്തിൽ അറിയിച്ചു. കൊതുക് നിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി വാർഡ് കമ്മറ്റികൾ അടിയന്തരമായി ചേരണമെന്ന് കൗൺസിലർമാർക്ക് നിർദേശം നൽകി. നാല് ദിവസത്തിനകം വാർഡ്കമ്മിറ്റി ലിസ്റ്റ് പൂർത്തിയാക്കണം.
രാഷ്‌ട്രിയപാർട്ടികൾ, റെസിഡൻസ് അസോസിയേഷനുകൾ, സാമൂഹിക, സന്നദ്ധ സംഘടനകൾ എന്നിവരുടെ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തണം. സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണം. കഴിയുമെങ്കിൽ എല്ലാ ഡിവിഷനുകളിലെയും പ്രവർത്തനങ്ങളിൽ സീനിയർ കൗൺസിലർമാരെയും പങ്കാളികളാക്കണം. ഓരോ വീടിനെയും പദ്ധതിയുടെ ഭാഗമാക്കും. ലഘുലേഖകൾ വിതരണം ചെയ്യണം. കൊതുക് നിവാരണപ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഡിവിഷനുകളിലെയും ചെറിയ കാനകൾ വൃത്തിയാക്കാൻ ഒരുലക്ഷം രൂപ അനുവദിക്കും. ആദ്യഗഡുവായി 25000 രൂപ ഉടൻ നൽകും. ഏഴു ദിവസത്തിലൊരിക്കൽ കാനകളിൽ സ്‌പ്രേയിംഗ് നടത്തുന്നതായി ഉറപ്പുവരുത്തണം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പുള്ളതിനാൽ ഫോഗിംഗ് കഴിയുന്നതും ഒഴിവാക്കും. എന്നാൽ ഡെങ്കിപ്പനി ഭീഷണിയുള്ള പ്രദേശങ്ങളിൽ ഫോഗിംഗ് തുടരും.
നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യംപ്രശ്‌നം എന്നിവ പരിഹരിക്കുന്നതിനായ് പ്രത്യേക കൗൺസിലുകൾ വിളിക്കും.. ബ്രഹ്മപുരത്ത് കളക്ടറുമായി ചേർന്ന് പരിശോധന നടത്തും. അതിനുശേഷം പ്രത്യേക കൗൺസിൽ വിളിച്ച് ഇക്കാര്യം ചർച്ചചെയ്യുമെന്നും മേയർ പറഞ്ഞു.
# വലിയ കാനകൾ മേയിൽ
വൃത്തിയാകും
വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ കാനകളിലെയും തോടുകളിലെയും ചെളി കോരുന്നതിന് കൗൺസിൽ അനുമതി നൽകി. മേയിൽ ജോലികൾ പൂർത്തിയാകുമെന്ന് മേയർ ഉറപ്പുനൽകി.
# നിലാവെളിച്ചം ആവശ്യമില്ലെന്ന്
പ്രതിപക്ഷം
സംസ്ഥാനസർക്കാരിന്റെ നിലാവ് പദ്ധതിപ്രകാരം തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം.ധനകാര്യ, പൊതുമരാമത്ത് സമിതികൾ ഈ ഫയലുകൾ പരിശോധിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം മേയർ അംഗീകരിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പദ്ധതിയെക്കുറിച്ച് കൗൺസിലിൽ വിശദീകരിക്കും. പദ്ധതിക്കുവേണ്ടി ഒരുരൂപപോലും കോർപ്പറേഷൻ ചെലവഴിക്കില്ലെന്ന് മേയർ വ്യക്തമാക്കി.
# ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു
സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മിക്ക സോണലുകളിലും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതുമൂലം പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലായെന്ന് അവർ പരാതിപ്പെട്ടു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്തിയത്. ഇക്കാര്യത്തിൽ വിവേചനമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മേയർ പറഞ്ഞു.
എം.ജി റോഡിലെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 16 സെന്റ് സ്ഥലം കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് ബി.ജെ.പി കൗൺസിലർ സുധ ദിലീപ്കുമാർ ആവശ്യപ്പെട്ടു.