കൊച്ചി: കാൽനടക്കാരും വാഹനത്തിരക്കും ഏറെയുള്ള പാർക്ക് അവന്യൂ റോഡിൽ അശാസ്ത്രീയ സൈക്കിൾ ട്രാക്ക് . ആളും തിരക്കും ഏറെയുള്ള റോഡിൽ ഒരു വരകൊണ്ട് ഗതാഗതം നിയന്ത്രിക്കാമെന്നാണ് ട്രാക്കിട്ടവരുടെ തലയിലുദിച്ച ബുദ്ധി. ലോകത്ത് ഒരിടത്തും ഇതുപോലൊരു സൈക്കിൾ ട്രാക്ക് ഇല്ലെന്നാണ് വര കണ്ടവരെല്ലാം പറയുന്നത്. റോഡ് നിരപ്പിൽ നിന്ന് അൽപ്പം ഉയർന്നതാണ് സാധാരണ സൈക്കിൾട്രാക്ക്. പ്രധാനവീഥിയേയും ട്രാക്കിനോടും വേർതിരിക്കുന്ന സുരക്ഷിതമായൊരു വേലിയും ഉണ്ടാകും. എന്നാൽ ഇതൊന്നുമില്ലാതെയാണ് കൊച്ചിയിലെ ട്രാക്ക്.കൊച്ചി സ്മാർട്ട് മിഷന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തുന്ന കേന്ദ്രസമിതിയുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ തട്ടിക്കൂട്ട് മാത്രമാണ് പുതിയ സൈക്കിൾട്രാക്കെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
തുഗ്ലക്ക് മോഡൽ പരിഷ്‌കാരം
ഗതാഗത തിരക്കുള്ള പാർക്ക് അവന്യൂ റോഡിന്റെ കാൽഭാഗം കവർന്നെടുത്ത സൈക്കിൾ ട്രാക്ക് തുഗ്ലക്ക് മോഡൽ പരിഷ്‌കാരമാണെന്ന് എറണാകുളം വികസനസമിതി വിലയിരുത്തി. യാത്ര ഓഡിറ്റോറിയം മുതൽ ശിവക്ഷേത്രം വരെ വരുന്ന 95 ശതമാനം സ്ഥലങ്ങളും സർക്കാർ ഉടമസ്ഥതയിൽ ഉള്ളവയായതിനാൽ ആ സ്ഥലങ്ങൾ ഏറ്റെടുത്ത് വളരെ മനോഹരമായും ശാസ്ത്രീയമായും അപകടങ്ങളും ഗതാഗതത്തിരക്കും ഒഴിവാക്കി സൈക്കിൾ ട്രാക്ക് നിർമ്മിക്കാമെന്നിരിക്കെ കേന്ദ്രസംഘത്തെ കബളിപ്പിക്കാനുള്ള തട്ടിക്കൂട്ടാണ് ഈ ട്രാക്കെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ഇത്തരം അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘത്തിന് പരാതി നൽകുവാനും തീരുമാനിച്ചു. കെ.എസ്.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ സുധാ ദിലീപ് കുമാർ, കുരുവിള മാത്യൂസ്, ഇന്ദു രാമചന്ദ്രൻ, കെ. ലക്ഷ്മി നാരാണൻ, നവീൻചന്ദ്ര ഷേണായ്, സായിപ്രസാദ് കമ്മത്ത്, ടി.എൻ.പ്രതാപൻ, ജി.ആർ. രാമചന്ദ്രകമ്മത്ത്, അഭിജിത്ത് സുരേഷ്, മഹേഷ് ശർമ എന്നിവർ പ്രസംഗിച്ചു.