കൊച്ചി: കാണുന്നതെന്തും മൊബൈൽഫോൺ കാമറയിലൂടെ സെൽഫിയാക്കാൻ തിരക്കുകൂട്ടുന്നകാലത്ത് തൃശൂർ വരന്തരപ്പള്ളി സ്വദേശി ഡെനിൽ (23) തികച്ചും വ്യത്യസ്തനാണ്. മനസിനെ ത്രസിപ്പിച്ച കാഴ്ചകളൊക്കെ ചായം ചാലിച്ച് കടലാസിൽ പകർത്തുകയാണ് ഈ ചെറുപ്പക്കാരൻ. മുമ്പൊക്കെ ഇത്തരം കലാകാരന്മാർ സാധാരണമായിരുന്നെങ്കിലും വംശനാശം വന്നുപോയ ആ തലമുറയുടെ പിൻഗാമിയായിവരുന്നവർ വർത്തമാനകാലത്തിന്റെ കൗതുകം തന്നയാണ്.
കൊച്ചി മറൈൻ ഡ്രൈവിലാണ് ഒരു നോട്ടുബുക്കും കുറെ ജലചായവുമായി ഡെനിൽ ഇരുന്നത്. തൊട്ടുമുമ്പിൽ അറബിക്കടലിന്റെ റാണി ജലയാനങ്ങളുടെ സമ്പന്നതയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. സായാഹ്നസൂര്യന്റെ കിരണങ്ങളേറ്റ് ഇളകിയുലയുന്ന കായൽപ്പരപ്പിൽ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ഉല്ലാസ നൗകകൾ, തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കൂറ്റൻ ചരക്കുകപ്പലുകൾ, അതിനപ്പുറം ഭാരത നാവികസേനയുടെ യുദ്ധക്കപ്പലുകൾ, നിശ്തിത ഇടവേളകളിൽ കായൽപ്പരപ്പിന് മുകളിൽ വട്ടമിട്ട പറക്കുന്ന പ്രതിരോധ സേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും. എല്ലാം കൂടിയുള്ള മനോഹരമായ കാഴ്ചകൾ ചായക്കൂട്ടൊരുക്കി പകർന്നെടുക്കാൻ അൽപ്പം ക്ഷമയും അതിരറ്റ കലാവാസനയും വേണം. ഇന്റീരിയൽ ഡിസൈനിംഗ് കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ചെയ്യാൻ കൊച്ചിയിലെത്തിയ ഡെനിന് ഈ ഗുണങ്ങളെല്ലാമുണ്ട്. പരിശീലന ജോലിക്കിടെ വീണുകിട്ടുന്ന സമയമാണ് ചായം ചാലിക്കാൻ നീക്കിവയ്ക്കുന്നത്. അങ്ങനെ ഇതിനോടകം സ്വന്തം നോട്ടുബൂക്കിന്റെ താളുകളിൽ ഫോർട്ടു കൊച്ചിയുടേയും മട്ടാഞ്ചേരിയുടേയുമെക്കെ വശ്യമനോഹാരിത തനിമചോരാതെ പകർത്തി സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ കണ്ടകാഴ്ചകൾ ഓർമയിൽ നിന്ന് മാഞ്ഞുപോകാതിരിക്കാനാണ് നോട്ടുബുക്കിൽ പകർത്തി സൂക്ഷിക്കുന്നതെന്ന് ഡെനിൽ പറയുന്നു. പിന്നീട് സമയം കിട്ടുമ്പോൾ അതേ ചിത്രിങ്ങൾ വലിയ കാൻവാസിലേക്ക് മാറ്റിവരയ്ക്കും. അതല്ലെങ്കിൽ തൊഴിലിന്റെ ഭാഗമായി എവിടെയങ്കിലുമൊക്കെ ഈ കാഴ്ചകൾ തനിമചോരാതെ പുനരാവിഷ്കരിക്കാം.
മറൈൻ ഡ്രൈവിൽ തിരക്കില്ലാത്തൊരു ബഞ്ചിലിരുന്ന് ചിത്രം വരയ്ക്കുന്ന ചെറുപ്പക്കാരനെ പലരും ശ്രദ്ധിച്ചു. ചിലരൊക്കെ അടുത്തു ചെന്ന് പരിചയപ്പെട്ടു. സംശയങ്ങൾ ചോദിച്ചവരോട്, ഇന്റീരിയർ ഡിസൈനർ എന്ന സ്വന്തം തൊഴിലിന് മൂല്യവർദ്ധന നൽകാനുള്ള പ്രായോഗിക പരിശീലനമാണിതെന്നായിരുന്നു ഡെനിലിന്റെ വിശദീകരണം.