കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ കൂടുതൽ തസ്തികൾ അനുവദിക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് സർക്കാർ അറിയിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് രേഖാമൂലം നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടർമാർ അടക്കമുള്ളവരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുകയും നിയമനം നടത്തുകയും ചെയ്തതായി മറുപടിയിൽ വിശദീകരിക്കുന്നു. 25 തസ്തികകളാണ് ഇങ്ങനെ സൃഷടിച്ചത്. ഇതിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകളും ഉൾപ്പെടുന്നു. 19 ഡോക്ടർമാരെയും, 101 സ്റ്റാഫ് നഴ്‌സുമാരെയും, 10 ഹോസ്പിറ്റൽ അറ്റൻഡർമാരെയും എൻ.എച്ച്.എം നിയോഗിച്ചിട്ടുള്ളതായും മറുപടിയിൽ പറയുന്നു.
സംസ്ഥാനത്ത് ആദ്യമായി എൻ.എബി.എച്ച് അംഗീകാരം ലഭിച്ച ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി.
സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ജില്ലാ ആശുപത്രിയിൽ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ജീവനക്കാരുടെ കുറവുണ്ട്. ഈ കുറവ് പരിഹരിക്കാൻ ആവശ്യപ്പെട്ടാണ് ടി.ജെ .വിനോദ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്.