election

കളമശേരി: കളമശേരി നഗരസഭ 37ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാരാണ് മിന്നും വിജയം നേടിയത്. 64 വോട്ടുകൾക്കാണ് റഫീക്കിന്റെ വിജയം. റഫീഖിന് 308 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി സലീമിന് 244 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിക്ക് 13 വോട്ട് മാത്രമാണ് ലഭിച്ചത്.ലീഗിന്റെ സിറ്റിംഗ് സീറ്റിലാണ് എൽ.ഡി.എഫ് വിജയക്കൊടി പാറിച്ചത്. കളമശേരിയിൽ നിലവിൽ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും. തുടർന്ന് നറുക്കെടുപ്പിലേക്ക് നീങ്ങുകയും യു.ഡി.എഫ് വിജയിക്കുകയുമായിരുന്നു. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. ഇതോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

25 വർഷമായി യു.ഡി.എഫ് വിജയിച്ചിരുന്ന വാർഡിലാണ് എൽ.ഡി.എഫിന്റെ വിജയം. കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഷിബു സിദ്ധിക്ക് 207 വോട്ട് നേടി. ഇതാണ് ലീഗിന് തിരിച്ചടിയായത്. ഇത്തവണ വാർഡ് കോൺഗ്രസിന് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതൃത്വം ഇതിനെ ശക്തമായി എതിർത്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തി. എന്നിട്ടും പ്രശ്‌നം ഒത്തുതീർപ്പായില്ല. കോൺഗ്രസിലെ ഒരു വിഭാഗം സ്വതന്ത്ര സ്ഥാനാർത്ഥി ഷിബു സിദ്ധിക്കിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം യു.ഡി.എഫിന് പരാതി നൽകിയിട്ടുണ്ട്.