പൂത്തോട്ട: ജീവൻ മാറോട് ചേർത്തുപിടിച്ചാണ് പെരുമ്പളം,പാണാവള്ളി പ്രദേശവാസികൾ ബോട്ട് യാത്ര ചെയ്യുന്നത്. എറണാകുളത്തേക്ക് വരണമെങ്കിൽ കായൽപ്പരപ്പിലൂടെ ബോട്ടിൽ യാത്രചെയ്ത് പൂത്തോട്ടയിലെത്തണം. ആകെ 9 ബോട്ടുകളാണ് ജലഗതാഗതവകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനുകീഴിൽ ഈ മേഖലയിൽ സർവീസിനുള്ളത്. രണ്ടെണ്ണം റിസർവും ഒരെണ്ണം ഡീസൽ കൊണ്ടുവരാനുമാണ്. ഫലത്തിൽ ആറെണ്ണം മാത്രമേ സർവീസിന് ഉപയോഗിക്കുന്നുള്ളു.

പാണാവള്ളിയിൽ നിന്ന് പെരുമ്പളം മാർക്കറ്റ്, പെരുമ്പളം, പൂത്തോട്ട, പെരുമ്പളം, തെക്കൻപറവൂർ എന്നിവിടങ്ങളിലെക്കാണ് ബോട്ട് സർവീസ്. നിത്യേന ആയിരത്തിൽപ്പരം പേരാണ് ഈ റൂട്ടിൽ യാത്രചെയ്യുന്നത്.

മറ്റ് ജില്ലകളിൽ ഓടി കണ്ടം ചെയ്യാറാകുന്ന ബോട്ടുകളാണ് പെരുമ്പളത്തേക്ക് അനുവദിക്കുന്നതെന്നാണ് പരാതി. ഇവിടെയുള്ള ബോട്ടുകളെല്ലാം പഴക്കം ചെന്നവയാണ്. പലതും തുരുമ്പെടുത്തവയും. ജനലുകൾ തുരുമ്പ് കയറി ഈർച്ചവാളിന് സമമാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

75 യാത്രക്കാർക്കാണ് അനുമതിയെങ്കിലും രാവിലെയും വൈകിട്ടും നല്ല തിരക്കായിരിക്കും. വയർലെസ് സംവിധാനമുള്ള ആധുനിക ബോട്ടുകളാണ് പെരുമ്പളം ദ്വീപുകാരുടെ സ്വപ്നം.