കൊച്ചി: മലയാളിയുടെ പരിസ്ഥിതിസ്‌നേഹത്തിന് തന്റെ കവിതകളിലൂടെ ദിശാബോധം പകർന്ന സുഗതകുമാരിയുടെ ജീവിതസന്ദേശം എന്നും ഓർമ്മിക്കപ്പെടുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. സുഗതകുമാരിയുടെ ജന്മദിനത്തിൽ കൊച്ചിയുടെ ഉദ്യാനമായ സുഭാഷ് പാർക്കിൽ അവരുടെ ഇഷ്ടവൃക്ഷമായ പേരാൽ നട്ടു സംസാരിക്കുകയായിരുന്നു മേയർ. കൗൺസിലർ മിനി ആർ. മേനോൻ, സാംസ്കാരിക പ്രവർത്തകനായ സി.ഐ.സി.സി. ജയചന്ദ്രൻ, കൊച്ചി കപ്പൽശാല അസിസ്റ്റന്റ് ജനറൽ മാനേജർ സമ്പത് കുമാർ പി.എൻ, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. ചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. സുഗതകുമാരിയുടെ ബന്ധു മീനാക്ഷി പരമേശ്വരൻ കവിത ആലപിച്ചു.