പറവൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് നിലച്ച തെരുവുനായ് വന്ധ്യംകരണം പുനരാരംഭിച്ചില്ല. റോഡുകളിലും പൊതുസ്ഥലങ്ങളിലും നായ്ക്കളുടെ എണ്ണം പെരുകുന്നതിനാൽ കാൽനടയാത്ര ദുരിതത്തിലായി. ഇരുചക്രവാഹനയാത്രക്കാരും ഭീതിയിലാണ് സഞ്ചാരം.

നായ്ക്കളുടെ വന്ധ്യംകരണം കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് നടത്തിയിരുന്നത്. ആലങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സുരക്ഷ എ.ബി.സി കുടുംബശ്രീ യൂണിറ്റ് നവംബർവരെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിൽപ്പരം നായ്ക്കളുടെ വന്ധ്യംകരണം നടത്തി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം.

പറവൂർ നഗരസഭ 98, കടമക്കുടി പഞ്ചായത്ത് 52, ഏഴിക്കര പഞ്ചായത്ത് 90, വടക്കേക്കര പഞ്ചായത്ത് 100, കോട്ടുവള്ളി പഞ്ചായത്ത് 50 എന്നിങ്ങനെയാണ് മേഖലയിലെ കണക്ക്. ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ മറ്റൊരു കുടുംബശ്രീയുടെ നേതൃത്വത്തിൽ തെരുവുനായ് വന്ധ്യംകരണം നടന്നിരുന്നു. പട്ടിപിടിത്തക്കാരെ ഉപയോഗിച്ചു പിടികൂടുന്ന നായ്ക്കളെ കുടുംബശ്രീ യൂണിറ്റിന്റെ ആലങ്ങാടുള്ള കേന്ദ്രത്തിൽ എത്തിച്ചാണ് വന്ധ്യംകരിച്ചത്. മൂന്നുദിവസം നിരീക്ഷിച്ചശേഷം ആവശ്യമായ മരുന്നും കുത്തിവയ്പ്പും നടത്തി പിടിച്ച സ്ഥലത്തുതന്നെ തുറന്നുവിടുകയായിരുന്നു പതിവ്.

# ചെലവ് 2100 രൂപ

ഒരു നായയെ വന്ധ്യംകരിക്കാൻ 2100 രൂപയാണ് ചെലവ്. തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തുന്ന ഫണ്ട് ജില്ലാമിഷന് നൽകും. ജില്ലാ മിഷനാണ് കുടുംബശ്രീ യൂണിറ്റിനു പണം നൽകുക. ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള തുക അനുസരിച്ചാണ് അവിടെ എത്ര നായ്ക്കളെ വന്ധ്യംകരിക്കണമെന്ന് തീരുമാനിക്കുക. പല തദ്ദേശസ്ഥാപനങ്ങളിലും ഇനിയും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുണ്ട്. അതിനായി കൂടുതൽ ഫണ്ട് അനുവദിക്കണം. നഗരത്തിലും സമീപ പ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം ഇപ്പോഴും ജനങ്ങൾക്കു ഭീഷണിയാകുന്നുണ്ട്. പൊതുവഴികളിൽ കറങ്ങിനടക്കുന്ന ഇവ വാഹനങ്ങൾക്കു കുറുകെ ചാടുന്നതു പതിവായി. പറവൂ‌ർ കച്ചേരിമൈതാനം ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ദേശീയപാതയിലും ഇടവഴികളിലും നായ്ക്കളുടെ സാന്നിദ്ധ്യമുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കു മുൻവശം, ബസ് സ്റ്റോപ്പുകൾ തുടങ്ങിയവ ഇവയുടെ വിശ്രമകേന്ദ്രങ്ങളാണ്. ഒഴിഞ്ഞ പറമ്പുകളിൽ ഇവ തമ്പടിക്കുന്നു. തെരുവുനായ് വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പെടുത്താണ് പുറത്തുവിടുക. പിന്നീട് എല്ലാ വർഷവും ഈ നായ്ക്കളെ പിടിച്ചു കുത്തിവയ്പ്പ് നടത്തേണ്ടതുണ്ട്.