aardram

കൊച്ചി: സർക്കാർ ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ആരംഭിച്ച ആർദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതി അന്തിമഘട്ടത്തിലേക്ക്. ഒന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചവ പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് ആറുവരെ പ്രവർത്തിസമയം നീട്ടി. രോഗീസൗഹൃദമായ അന്തരീക്ഷമൊരുക്കി. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യതയുള്ള പരിശോധന മുറികളും മാർഗരേഖകൾ അനുസരിച്ചുള്ള ചികിത്സയും ഉറപ്പുവരുത്തുന്നതിനുമൊപ്പം ജീവിതശൈലി രോഗക്ലിനിക്കുകൾ, ആസ്‌ത്മ, ശ്വാസം മുട്ട് രോഗങ്ങൾക്ക് ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യപരിചരണത്തിന് ആശ്വാസ് ക്ലിനിക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സജ്ജമാക്കി.

ആദ്യഘട്ടത്തിൽ

കോടനാട്, കുട്ടമ്പുഴ, ചേരാനെല്ലൂർ, മഴുവന്നൂർ, എരൂർ, വാഴക്കുളം, പായിപ്ര, ചൊവ്വര, മഞ്ഞപ്ര, തിരുമാറാടി, കരുമാലൂർ, ഗോതുരുത്ത്, നായരമ്പലം, ചെല്ലാനം എന്നിവയാണ് ഒന്നാം ഘട്ടത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയത്. 193.61 ലക്ഷം രൂപയാണ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചെലവഴിച്ചത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും വിനിയോഗിച്ചു.

രണ്ടാംഘട്ടത്തിൽ

നേര്യമംഗലം, ചിറ്റാറ്റുകര, കൂനമ്മാവ്, മുളവുകാട്, കാക്കനാട്, കീഴ്‌മാട്, രായമംഗലം, കടവൂർ, തുറവൂർ, ബിനാനിപുരം, തിരുവാണിയൂർ, മുനമ്പം, ആലങ്ങാട്, അയ്യമ്പുഴ, കോട്ടപ്പടി എന്നിവയെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി.

മൂന്നാംഘട്ടത്തിൽ

പ്രഖ്യാപിച്ചതിൽ ഇലഞ്ഞി, മണീട് എന്നിവയെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന 25 ആരോഗ്യകേന്ദ്രങ്ങളുടെയും മൂന്നാം ഘട്ടത്തിൽ ശേഷിക്കുന്ന 21 ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവൃത്തികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.