കൊച്ചി: കൊച്ചി കോർപ്പറേഷനിലെ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ 11 ന് കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്. എട്ട് സ്ഥിരം സമിതികളിൽ അഞ്ചണ്ണം വനിതാ സംവരണമാണ്. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ സ്ഥിരംസമിതികൾ ജനറലാണ്. എൽ.ഡി.എഫിന് ആറും യു.ഡി.എഫിനും ബി.ജെ.പിക്കും ഓരോ സമിതികളിലും ഭൂരിപക്ഷമുണ്ട്
യു.ഡി.എഫിൽ പടയൊരുക്കം
ബി.ജെ.പി യുടെ സഹായത്താൽ ലഭിച്ച പൊതുമരാമത്ത് സമിതിയിലെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി യു.ഡി.എഫിൽ തർക്കം തുടരുകയാണ്. എൽ.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായതും യു.ഡി.എഫിന് രക്ഷയായി. ആർ.എസ്.പി അംഗം സുനിത ഡിക്‌സണാണ് വിജയിച്ചത്. എന്നാൽ അവർക്ക് അദ്ധ്യക്ഷ സ്ഥാനം നൽകുന്നതിൽ യു.ഡി.എഫിൽ പലരും അസ്വസ്ഥരാണ്. ആർ.എസ്. പിക്ക് കൗൺസിലിൽ ഒരംഗം മാത്രമാണുള്ളത്. തങ്ങളുടെകൂടി വോട്ട് കിട്ടിയതിനാലാണ് സുനിത വിജയിച്ചതെന്നും അദ്ധ്യക്ഷ ആരാകണമെന്ന് യു.ഡി.എഫ് തീരുമാനിക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. ഐ പക്ഷത്തെ മുതിർന്ന കൗൺസിലർ വി.കെ. മിനിമോൾ, എ വിഭാഗക്കാരിയായ സീന ഗോകുലൻ എന്നിവരും ഇതേ സമിതിയിലുണ്ട്. ആദ്യത്തെ ഒരു വർഷം സുനിതയ്ക്കും പിന്നീട് രണ്ടു വർഷം വീതം മറ്റ് രണ്ട് കൗൺസിലർമാർക്കുമായി അദ്ധ്യക്ഷ പദവി വീതം വയ്കാമെന്നാണ് യു.ഡി.എഫിലെ ധാരണ.
എന്നാൽ സുനിത ഡിക്സൺ ഈ നീക്കത്തോട് വിയോജിച്ചു. മത്സരിച്ച് വിജയിച്ചയാൾ എന്ന നിലയിൽ അദ്ധ്യക്ഷസ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്ന് അവർ പറയുന്നു. ബി.ജെ.പിയുടെ പിന്തുണ തേടിയിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ കോൺഗ്രസിന് അവരുടെ സഹായത്താൽ ലഭിച്ച അദ്ധ്യക്ഷസ്ഥാനത്തിന് അവകാശവാദമുന്നയിക്കാൻ യോഗ്യതയില്ല. അദ്ധ്യക്ഷ പദവി പങ്കുവയ്ക്കാൻ തയ്യാറല്ലെന്നും സുനിത വ്യക്തമാക്കി.
നികുതികാര്യ സമിതി ബി.ജെ.പിക്ക്
ആർക്കും ഭൂരിപക്ഷമില്ലാത്ത നികുതികാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ നിലപാട് നിർണായകമാകും. ബി.ജെ.പിക്ക് നാലും യു.ഡി.എഫിന് മൂന്നും എൽ.ഡി.എഫിന് രണ്ടും അംഗങ്ങളാണുള്ളത്. ഭൂരിപക്ഷമില്ലാത്തതിനാൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്നാണ് യു.ഡി.എഫിന്റെ തീരുമാനം. യു.ഡി.എഫിനെ പിന്താങ്ങില്ലെന്ന നിലപാടിലാണ് എൽ.ഡി.എഫ് .അങ്ങനെ വന്നാൽ ബി.ജെ.പി വിജയിക്കും. കൊച്ചി കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ഭരണപങ്കാളിത്തവും കൈവരും. കഴിഞ്ഞ ആഴ്ച സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനായി നടന്ന വോട്ടെടുപ്പിൽ സീനിയർ കൗൺസിലറായ സുധ ദിലീപ്‌കുമാർ പരാജയപ്പെട്ടതിനാൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയായ അഡ്വ. പ്രിയ പ്രശാന്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.