കൊച്ചി: വിവാദമായ സ്‌പ്രിൻക്ലർ കരാറിലെ വീഴ്ചകൾ പരിശോധിച്ച, സർക്കാരിന്റെ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് വിളിച്ചുവരുത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.
കൊവിഡ് രോഗികളിൽ നിന്ന് ശേഖരിച്ച വ്യക്തിഗത വിവരങ്ങളുൾപ്പെടെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ചെന്നിത്തല സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
രോഗികളുടെയും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും വിവരങ്ങൾ അമേരിക്കയിലെ സ്‌പ്രിൻക്ലർ കമ്പനിക്ക് കൈമാറിയത് ചോദ്യം ചെയ്തും വ്യക്തിവിവരങ്ങൾ സെർവറിലേക്ക് അപ്‌ലോഡ് ചെയ്തതു മൂലം മാനഹാനിയുണ്ടായവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും സമർപ്പിച്ച ഹർജിയിലാണ് പുതിയ ആവശ്യങ്ങൾ. ഹർജിയുടെ തീർപ്പിന് സമിതി റിപ്പോർട്ടും രോഗികളുടെ വ്യക്തിവിവരങ്ങളും വിളിച്ചുവരുത്തേണ്ടത് അനിവാര്യമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ മാധവൻ നമ്പ്യാർ ചെയർമാനും മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അംഗവുമായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രാധാന വെളിപ്പെടുത്തലുകളുള്ള റിപ്പോർട്ട് പുറത്തുവിടാനോ ശുപാർശ പ്രകാരം നടപടികൾ സ്വീകരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല.
സ്‌പ്രിൻക്ലറിന് വിവരങ്ങൾ കൈമാറുമ്പോൾ രോഗികളെ തിരിച്ചറിയാവുന്ന വിവരങ്ങൾ രഹസ്യമാക്കണമെന്നും വിവരശേഖരണത്തിന് മുമ്പ് വ്യക്തിയുടെ സമ്മതപത്രം വാങ്ങണമെന്നുമാണ് 2020 ഏപ്രിൽ 24 ന് കോടതി ഇടക്കാല ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കാൻ സർക്കാർ നിർദ്ദേശിച്ചത് രണ്ടാഴ്ച കഴിഞ്ഞാണ്. ഇക്കാലത്തും രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധമായി തുടർന്നു. കോടതി നഷ്ടപരിഹാരം നിശ്ചയിക്കുമ്പാൾ ഇവരെയും പരിഗണിക്കണം. 2020 മാർച്ച് 24 മുതൽ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ തുടങ്ങിയത് വരെ ശേഖരിച്ച രോഗികളുടെ വിവരങ്ങളും വിളിച്ചുവരുത്തണം. സർക്കാർ, എം. ശിവശങ്കർ, മുഖ്യമന്ത്രി എന്നിവർ ചേർന്ന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.