dailysis-centre

ആലുവ: ആരോഗ്യ മേഖലക്ക് അഭിമാനമായ ആലുവ ജില്ലാ ആശുപത്രി ഡയാലിസിസ് സെന്ററിന് ജനുവരി 31ന് പത്ത് വർഷം പൂർത്തിയാകും. പൊതുമേഖലയിലെ ആദ്യ ഡയാലിസിസ് സെന്ററെന്ന നിലയിൽ ഏറെ ശ്രദ്ധേയമായ നേട്ടമാണ് കേന്ദ്രം കൈവരിച്ചത്. പത്ത് വർഷത്തിനിടെ 1,12,734 രോഗികൾ ഇവിടെ ഡയാലിസിസിന് വിധേയരായി. നിലവിൽ 118 പേർക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. കൊവിഡും പ്രളവുമൊന്നും ബാധിക്കാതെ സാധാരണ നിലയിലാണ് പ്രവർത്തനം. ധനസമ്പാദനത്തേക്കൾ ഉപരി ആതുരസേവനമെന്ന നിലയിൽ ഉത്തരവാദിത്വം നിർവഹിക്കുന്ന ഒരു കൂട്ടം ജീവനക്കാരും മാനേജ്മെന്റുമാണ് ഡയാലിസിസ് സെന്ററിന്റെ വളർച്ചക്ക് പിന്നിൽ. പി രാജീവ് രാജ്യസഭാംഗമായിരിക്കേ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 2010 ഏപ്രിൽ 15നാണ് സെന്ററിന് കല്ലിട്ടത്. സെന്ററിന്റെ വളർച്ചയിൽ പി. രാജീവിന്റെ സേവനം വിലമതിക്കാനാകാത്തതാണ്. രാജ്യസഭാംഗത്വത്തിൽ നിന്നും ഒഴിവായിട്ടും ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങളുടെ മുൻ നിരയിൽ രാജീവ് ഉണ്ടായിരുന്നു.

ഏഴു മെഷീനുകളുമായി 2011 ജനുവരി 31ന് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതിയാണ് സെന്റർ ഉദ്ഘാടനം ചെയ്തത്.12 മെഷീനുകളുമായി പ്രവർത്തനം വിപുലീകരിച്ചപ്പോൾ 2013 മാർച്ച് 31ന് നടൻ മോഹൻലാൽ രണ്ടാംഘട്ട ഉദ്ഘാടനത്തിനെത്തി. നിലവിൽ 26 ഡയാലിസിസ് യൂണിറ്റുകളുണ്ട്. രണ്ടെണ്ണം കരുതൽ ശേഖരത്തിലാണ്. 24 എണ്ണമാണ് ഉപയോഗിക്കുന്നത്. രണ്ടുലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന ഓരോ യന്ത്രവും വിവിധ സ്ഥാപനങ്ങൾ സംഭാവനയായി നൽകിയവയാണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് മൂന്ന് യന്ത്രവും 65 ലക്ഷം രൂപയും നൽകി. ആലുവ അരോമയും മൂന്ന് യന്ത്രം സംഭവനയായി നൽകി. സ്പോൺസർമാരെ കണ്ടെത്തിയത് പി. രാജീവിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ്.

99 ശതമാനംപേർക്കും സൗജന്യമായാണ് ചികിത്സ നൽകിയത്. ആർ.എസ്.ബി.വൈ കാർഡുള്ളവർക്ക് സൗജന്യമായും അല്ലാത്തവർക്ക് ഒരു തവണത്തേക്ക് 200 രൂപയുമാണ് ഡയാലിസിസ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഒരുതവണ ഡയാലിസിസിന് 1200- 2500 രൂപ ഈടാക്കുമ്പോഴാണിത്. അൻവർ സാദത്ത് എം.എൽ.എ വർക്കിംഗ് ചെയർമാനായ മാനേജ്മെന്റ് കമ്മിറ്റിയാണ് ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഡോ. വിജയകുമാറാണ് മെഡിക്കൽ ഓഫീസർ.

സ്റ്റോർ റൂമില്ല

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഡയാലിസിസ് സെന്ററാണെങ്കിലും സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിന് ആവശ്യത്തിന് ഇപ്പോഴും സൗകര്യമില്ല. തൊട്ടുചേർന്ന് വർഷങ്ങളായി പൂട്ടികിടക്കുന്ന കെട്ടിടം തുറന്ന് നൽകണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തുറന്ന് നൽകിയിട്ടില്ല. മാത്രമല്ല, ഐസലേഷൻ സൗകര്യവും ജീവനക്കാർക്ക് ടോയ്ലെറ്റ് സൗകര്യവും ഇല്ലെന്ന പരിമിതി ഇപ്പോഴും മറികടന്നിട്ടില്ല.