കാലടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്‌കീം മികച്ച സാമൂഹികസേവനം നടത്തുന്ന വിദ്യാർത്ഥികൾക്കു നൽകുന്ന ബെസ്റ്റ് എൻ.എസ്.എസ് വോളന്റിയർ അവാർഡിന് ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ റസീന സി. മുഹമ്മദിനെ തിരഞ്ഞെടുത്തു. പ്രളയകാലത്ത് കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിൽ നടത്തിയ റാപ്പിഡ് സർവേ, റീബിൾഡ് സർവേ, കിണറുകളിലെ ജലപരിശോധന, ശുചീകരണ പ്രവർത്തനങ്ങൾ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ എന്നിവയുമായി സഹകരിച്ചു കാഞ്ഞൂർ പള്ളിയടക്കം വിവിധയിടങ്ങളിൽ നടപ്പിലാക്കിയ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളുടെ നേതൃത്വം, കുളങ്ങളുടെ പുനരുദ്ധാരണം, രക്തദാന പ്രവർത്തനങ്ങൾ, ദേശീയക്യാമ്പിലെ പങ്കാളിത്തം, തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പുനർജനി ക്യാമ്പ് എന്നിവയിലെ നേതൃത്വമാണ് അവാർഡിന് അർഹയാക്കിയത്.

എക് ഭാരത് ശ്രേഷ്ട ഭാരത് പദ്ധതിയോടനുബന്ധിച്ചു കേരള എൻ.എസ്.എസ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു ദേശീയ സെമിനാറിലും പങ്കെടുത്തിരുന്നു. കഴിഞ്ഞവർഷവും മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയർ അവാർഡുകൾ കോളേജിനായിരുന്നു.