കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശേരി പട്ടികവർഗ കോളനിക്കാരുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുമെന്ന് സ്ഥലം സന്ദർശിച്ച ഉന്നതതലസംഘം അറിയിച്ചു.കുട്ടമ്പുഴ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സേവനം കോളനിയിൽ ലഭ്യമാണെങ്കിലും അനധികൃത മദ്യവില്പന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രദേശത്ത് പൊലീസഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. കോളനി നിവാസികൾക്കായുള്ള റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കും. മാസത്തിൽ രണ്ട് തവണ ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ റേഷൻ വിതരണത്തിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഏകാദ്ധ്യാപക വിദ്യാലയത്തെ എൽ.പി നിലവാരത്തിലേക്ക് ഉയർത്തുന്നതും പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പത്ത് പേർക്കുള്ള കിടത്തിചികിത്സ സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണനയിലാണ്.
187 കുടുംബങ്ങളുള്ള ഇവിടെ സർക്കാർ അനുവദിച്ചിട്ടുള്ള മണ്ണെണ്ണ എല്ലാവർക്കും ലഭിക്കുന്നുണ്ടെന്നും 6 പേരൊഴികെ എല്ലാവർക്കും ആധാർ നൽകിയിട്ടുണ്ടെന്നും ഇവിടെ സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ സേവനം ലഭിക്കുന്നുണ്ടെന്നും സംഘം പറഞ്ഞു.
പട്ടികവർഗ ഡയറക്ടർ പി.പുകഴേന്തി, ജില്ലാ കളക്ടർ എസ്. സുഹാസ് ,കൊച്ചി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷബീർ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനി സന്ദർശിച്ച് വിവിധ പരാതികളിൽ അന്വേഷണം നടത്തിയത്. മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ജി. അനിൽകുമാർ, തഹസിൽദാർമാരായ റേച്ചൽ കെ.വർഗീസ്, കെ.എം. നാസർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.