ആലുവ: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന ശ്രീമൂലനഗരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം അടിയിൽ കലാശിച്ചതോടെ ഗ്രൂപ്പുപോരിന് പുതിയമാനം കൈവന്നു. കെ.പി.സി.സി നിരീക്ഷകൻ തോപ്പിൽ ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തർക്കമാണ് തുടക്കം. റബലായി വിജയിച്ച ഡേവിസ് കൂട്ടുങ്ങലിനും വി.എം. ഷംസുദീനും സീറ്റ് നിഷേധിച്ചത് ചോദ്യംചെയ്ത മണ്ഡലം ട്രഷററിന് നേരെ ഐ ഗ്രൂപ്പ് ബ്‌ളോക്ക് നേതാവ് കസേരയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ചവിട്ടിവീഴ്ത്താനും ശ്രമിച്ചതോടെ യോഗം അലങ്കോലമായി.
തുടർച്ചയായി 1995 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും വിവിധ വാർഡുകളിൽ മത്സരിച്ച് പരാജയപ്പെട്ട ഐ ഗ്രൂപ്പ് നേതാവിനാണ് ഇക്കുറിയും കനത്ത പരാജയം നേരിടേണ്ടിവന്നത്. ഇതിനെ തുടർന്ന് ഐ ഗ്രൂപ്പിൽ കടുത്ത ഭിന്നതയുമുണ്ട്.
ഐ ഗ്രൂപ്പിലെ കെ.എസ്.യു സംസ്ഥാന നേതാവിനും ന്യൂനപക്ഷ സെല്ലിന്റെ നേതാവിനും ദളിത് കോൺഗ്രസ് നേതാവിനും സീറ്റ് ലഭിക്കാൻ ഐ ഗ്രൂപ്പിന്റെ ബ്ളോക്ക് നേതാവ് പരിശ്രമിക്കാത്തതിന്റെ പേരിൽ ഗ്രൂപ്പിനുള്ളിലും ഗ്രൂപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഐ ഗ്രൂപ്പിലെ തർക്കം മൂലം ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ട കർഷക കോൺഗ്രസ് നേതാവ് സ്വന്തം ഗ്രൂപ്പിൽപെട്ട ചിലർക്കെതിരെ കെ.പി.സി.സിക്ക് പരാതി നൽകിയിട്ടുണ്ട്. ശ്രീമൂലനഗരത്തെ തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എൻ. ഉണ്ണിക്കൃഷ്ണനും ബ്‌ളോക്ക് പ്രസിഡന്റ് പി.വൈ. വർഗീസും ബഹളം നടക്കുമ്പോൾ വേദിയിലുണ്ടായിരുന്നു.