കോതമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫിന് ലഭിച്ച ജനപിന്തുണ നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു പറഞ്ഞു. സി.പി.ഐ കോതമംഗലം മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയിൽ എൽ.ഡി.എഫ് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയതിന്റെ ജനകീയ അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം. എൽ. ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ 21 മാസത്തെ പെൻഷൻകുടിശികയായിരുന്നത് കൊടുത്ത് തീർക്കുകയും ഘട്ടം ഘട്ടമായി 1600 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു.കേന്ദ്ര സർക്കാരിനെതിരെയുള്ള ജനകീയ സമരത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. എൻ.സുഗതൻ, ഇ കെ ശിവൻ, മണ്ഡലം സെക്രട്ടറി എ.ആർ വിനയൻ, പി.റ്റി ബെന്നി, എം.എസ് ജോർജ്ജ് പി.എം.ശിവൻ, റ്റി.സി. ജോയി, ശാന്തമ്മ പയസ്, പി.കെ.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.