നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിപ്ലബ്ളിക് ദിനം മുൻനിറുത്തി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കി. വിമാനത്താവളവും അനുബന്ധ റോഡുകളും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.
വിമാനത്താവളത്തിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദേശമുണ്ട്. ഇവിടെ വന്ന് പോകുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കും. ഇതുസംബന്ധിച്ച് എല്ലാ സുരക്ഷാഭടൻമാർക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് സി.ഐ.എസ്.എഫ് സീനിയർ കമൻഡാന്റ് എച്ച്. പാണ്ഡെ പറഞ്ഞു. ദ്രുത കർമ്മ സേന, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, രഹസ്യ അന്വേഷണ വിഭാഗം എന്നിവയെല്ലാം 24 മണിക്കൂറും ജാഗ്രതയിലായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടികൾ. കൊവിഡ് ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനാൽ സന്ദർശകർക്ക് വിമാനത്താവളത്തിൽ പ്രവേശനമില്ല. ഇതുകൊണ്ട് സന്ദർശക വിലക്ക് ഈ വർഷം വേണ്ടിവരുന്നില്ല. യാത്രക്കാർ ഗണ്യമായി കുറഞ്ഞതിനാൻ വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ എളുപ്പമാണ്.