കൊച്ചി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാമും, തൃപ്പൂണിത്തുറ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷനും സംയുക്തമായി 'മുതിർന്ന പൗരന്മാരുടെ മാനസിക ആരോഗ്യം' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എറണാകുളം ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. സൗമ്യ രാജ് ക്ലാസ് നയിച്ചു. മുതിർന്ന പൗരന്മാർ തങ്ങളുടെ വിഷാദ രോഗവും മാനസിക സംഘർഷവും തിരിച്ചറിയണമെന്നും അതിന് പരിഹാരം കാണുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. സാമൂഹിക പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക, സൗഹൃദ ബന്ധങ്ങൾ വളർത്തുക തുടങ്ങി മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ വിശദീകരിച്ചു.
ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, ജില്ലാ മാനാസികാരോഗ്യ കേന്ദ്രം പ്രോഗ്രാം ഓഫീസർ വിജിത്ത് എം. എസ്., സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി രാധാകൃഷ്ണൻ പി. എം. എന്നിവർ സംസാരിച്ചു.