ആലുവ: ത്രിതല തിരെഞ്ഞെടുപ്പ് വിലയിരുത്താനായി ചേർന്ന യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം യോഗത്തിൽ കോൺഗ്രസിനെതിരെ ഘടകകക്ഷികളുടെ വിമർശനം. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളെ പരാതികൾ അറിയിക്കാമെന്ന് അദ്ധ്യക്ഷനായ ചെയർമാർ ലത്തീഫ് പൂഴിത്തുറ അറിയിച്ചതോടെയാണ് വിമർശനങ്ങൾ അടങ്ങിയത്.

ഘടകകക്ഷികളെ അവഗണിച്ചതും അനുവദിച്ച സീറ്റുകളിൽ കാല് വാരിയതുമാണ് ചർച്ചയായത്. മുമ്പെങ്ങുമില്ലാത്തവിധം കോൺഗ്രസിൽ റബൽ ശല്യം വർധിച്ചു. മാത്രമല്ല റിബലുകളെ വിജയിപ്പിക്കാൻ നേതാക്കന്മാളും രംഗത്തിറങ്ങി. ജയിച്ചവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും അഭിപ്രായം ഉയർന്നു. ശ്രീമൂലനഗരം പഞ്ചായത്തിൽ ഒരു ഘടകകക്ഷിയുടെ സ്ഥാനാർത്ഥി കൺവെൻഷനിൽ 350 പേരാണ് പങ്കെടുത്തത്. പക്ഷെ വോട്ട് അത്ര പോലും കിട്ടിയില്ലെന്ന് പങ്കെടുത്തവർ പറഞ്ഞു. യു.ഡി.എഫിന് പുറത്ത് രഹസ്യധാരണയുണ്ടാക്കിയത് എതിർ സമുദായങ്ങളുടെ വോട്ടുകൾ നഷ്ടപ്പെടുത്തി.

തിരഞ്ഞെടുപ്പിന് ശേഷവും അലംഭാവുമുണ്ടായി. സ്റ്റാൻഡിംഗ് കമ്മറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം നേടാനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് ഉചിതമായ സ്വീകരണം നൽകാനും യോഗം തീരുമാനിച്ചു.