പള്ളുരുത്തി: പെരുമ്പടപ്പ് മൽസ്യ മാർക്കറ്റിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി നാശനഷ്ടം. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം. ബ്രേക്ക് തകരാറിലായ ശ്രീ ദുർഗ ബസ് ജീവനക്കാർ തള്ളി സ്റ്റാർട്ടാക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.രാവിലെ മൽസ്യ ലേലം കഴിഞ്ഞ് ആളുകൾ പോയതിനാൽ വൻ അപകടം ഒഴിവായി. ഈ സമയം മാർക്കറ്റിനകത്ത് ഉണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു.മുൻവശത്തെ ഗ്രില്ല്, മതിൽ, ഗേറ്റ്, മുകളിൽ നിർമ്മാണം നടക്കുന്ന മേൽക്കൂര എന്നിവയും അപകടത്തിൽ തകർന്നു.കൊച്ചി നഗരസഭയുടെ അധീനതയിലുള്ള മാർക്കറ്റ് അധികൃതർ സന്ദർശനം നടത്തി.അൻപതിനായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തിൽ പള്ളുരുത്തി പൊലീസ് കേസെടുത്തതായി സി.ഐ. ജോയ്മാത്യം പറഞ്ഞു.