തൃപ്പൂണിത്തുറ: കൊവിഡ് പ്രോട്ടോക്കോൾ ലംഘകരെ കുടുക്കാൻ നിയുക്തരായ സെക്ടറൽ മജിസ്ട്രേറ്റുമാർ മാസ്കില്ലാത്തവരെ പിടികൂടി കേസെടുക്കുന്നത് പൊലീസിന് തലവേദനയായി.

മാസ്കില്ലെങ്കിൽ 500 രൂപയാണ് ഫൈൻ. ഇവർക്കെതിരെ കേസെടുത്ത് പൊലീസിന് കൈമാറുകയാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ ചെയ്യുക. പലരും പണം ഉടനെ അടയ്ക്കാറില്ല. പിടിക്കപ്പെടുന്നവരിൽ പലരും വ്യാജവിലാസവും നൽകുന്നുണ്ട്. ഫൈൻ അടപ്പിക്കാൻ പൊലീസ് വിളിക്കുമ്പോൾ ഫോണെടുക്കാത്ത വിരുതന്മാരുമുണ്ട്.

സെക്ടറൽ മജിസ്ട്രേറ്റുമാർ ഉന്നതാധികാരികൾക്ക് കേസ് വിവരം റിപ്പോർട്ട് ചെയ്യുന്നതോടെ പിന്നെ തലവേദന പൊലീസിനാണ്. ഫൈൻ അടക്കാത്തവരുടെ പട്ടിക കണ്ടാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്ഷുഭിതരാകും. സ്റ്റേഷൻ ഹൗസ് ഓഫീസറും സമ്മർദത്തിലാകും. നടപടി ഭയന്ന് മിക്കവാറും സി.ഐമാർ സ്വന്തം കൈയിൽ നിന്ന് പണമടച്ച് തലയൂരുകയാണ്. മാസം തോറും അഞ്ചും പത്തും പേർക്ക് വീതം പണമടക്കേണ്ടി വരുന്നുണ്ട് പലർക്കും.