കൊച്ചി: സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചെന്നും ഇന്ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്രനേതാക്കളെ കാണാൻ നിർദേശിച്ചതായും മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് പറഞ്ഞു. സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. എന്നാൽ പാർട്ടിയുമായി പ്രശ്‌നങ്ങളില്ല. സഹപ്രവർത്തകർ വളരെയധികം ആക്ഷേപിച്ചുവെന്നും കെ.വി. തോമസ് പറഞ്ഞു. ഉമ്മൻചാണ്ടി അടക്കം ബന്ധപ്പെട്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചർച്ചകൾ മാദ്ധ്യമവാർത്തകൾ മാത്രമായിരുന്നു. അതൊക്കെ മാനസികമായി പ്രശ്‌നങ്ങൾ ഉണ്ടാക്കി. 2019ലെ തിരഞ്ഞെടുപ്പിൽ അങ്ങോട്ട് മാറിനിൽക്കാമെന്ന് പറഞ്ഞിരുന്നു. പാർട്ടിയിൽ സ്ഥാനം ചോദിച്ചു എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഓൺലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടിവന്നു. പാർട്ടിയിൽ പദവികൾ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. പാർട്ടിയിൽ നിന്ന് ധാരാളം വൈകാരിക പ്രതിസന്ധി നേരിട്ടിരുന്നു. കൊച്ചി കോർപ്പറേഷൻ തി​രഞ്ഞെടുപ്പി​ൽ ഒറ്റ ഡിവിഷനിലേക്കാണ് ഒരാളെ നിർദേശിച്ചത്. അതു പോലും അവഗണിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.