നെടുമ്പാശേരി: പ്രളയത്തെയും കൊവിഡിനെയുമെല്ലാം അതിജീവിച്ച ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീപ്പ് സിൽവർ ജൂബിലി നിറവിലാണ്. കയറ്റവും ഇറക്കവും വെയിലും മഴയുമെല്ലാം താണ്ടി മഹീന്ദ്ര ജീപ്പ് സർവ്വീസ് തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഇവനിപ്പോഴും 'പുലി'യാണ്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൊതുജനാരോഗ്യ പ്രവർത്തനത്തിന് 1995ലാണ് പാറക്കടവ് ബ്‌ളോക് പഞ്ചായത്ത് പരിധിയിലെ അന്നത്തെ പ്രധാന ആശുപത്രിയായിരുന്ന ചെങ്ങമനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് 'കെ.എൽ07 എം. 32'മഹീന്ദ്ര ജീപ്പ് അനുവദിച്ചത്. ഉയർന്ന കുതിരശക്തിയുള്ള (എം.എം.540) ഇ.ജോട്ട് എൻജിൻ ഘടിപ്പിച്ച ജീപ്പ് അന്ന് മുതൽ വിശ്രമമില്ലാതെ നിരത്തിലാണ്. ബ്‌ളോക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ പ്രതിരോധ കുത്തിവെപ്പുകൾക്ക് ഇന്നും ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പാണ് ഉപയോഗിക്കുന്നത്. ഏലൂർ മഞ്ഞുമ്മലുള്ള കെ.എം.സി.എല്ലിൽ നിന്ന് കൊണ്ടുവരുന്നതും, വിവിധ സെൻററുകളിൽ മരുന്നുകൾ വിതരണം ചെയ്യുന്നതും, മിന്നൽ പരിശോധന, ക്യാമ്പുകൾ സജ്ജമാക്കൽ, ഫീൽഡ് പ്രവർത്തനം, അടിയന്തിരഘട്ട പ്രവർത്തനങ്ങൾ, ബോധവത്കരണം, പ്രചാരണം, അനൗൺസ്‌മെൻറ്, തുടങ്ങി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും വിശ്രമമില്ലാതെയാണ് ഓടുന്നത്.
ആദ്യകാലങ്ങളിൽ പാറക്കടവ് ബ്‌ളോക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും സബ് സെൻററുകളിലും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പിനെയാണ് ആശ്രയിച്ചിരുന്നത്. ചെങ്ങമനാട് ആശുപത്രിയിൽ വാഹനം എത്തി വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് മറ്റ് പല ആശുപത്രികൾക്കും വാഹനം അനുവദിച്ചത്. ചെങ്ങമനാട് ആശുപത്രിയുടെ വാഹനം വലിയ കുഴപ്പമില്ലാതെ ഇന്നോളം സർവ്വീസ് നടത്തി. എന്നാൽ അതിന് ശേഷം വന്ന മറ്റാശുപത്രികളിലെ വാഹനങ്ങൾ പലപ്പോഴും റോഡിൽ കിടക്കേണ്ട അവസ്ഥയാണുണ്ടായിട്ടുള്ളത്. വളരെ അപൂർവ്വമായി മാത്രമെ ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പ് പണിമുടക്കുകയോ, റോഡിൽ കിടക്കുകയോ ചെയ്തിട്ടുള്ളൂവെന്നാണ് ഡ്രൈവർ പി.എ. നസീർ പറഞ്ഞു. 15 വർഷം കഴിഞ്ഞപ്പോൾ എൻജിൻ റീകണ്ടീഷൻ ചെയ്താണ് ജീപ്പ് ഓടിക്കുന്നത്. നാൾക്കുനാൾ ആരോഗ്യവകുപ്പിന്റെ പൊതുജന സേവനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ ജീപ്പ് ആവശ്യമാണെന്നും ഇക്കാര്യം ബന്ധപ്പെട്ട അധികാരികൾ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പത്തെിയിട്ടുണ്ടെന്നും നസീർ പറയുന്നു.