boat

പൂത്തോട്ട: അടിയന്തര ഘട്ടങ്ങളിൽ ദ്വീപ് നിവാസികളെ ആതുരാലയങ്ങളിൽ എത്തിക്കുന്നതിനായി സർക്കാർ ഒരുക്കിയ സംവിധാനമാണ് റെസ്ക്യു ബോട്ടുകൾ ( ആംബുലൻസ് ബോട്ട് ). പെരുമ്പളം, പാണാവള്ളി നിവാസികൾക്കായും ഇത്തരമൊരു റെസ്ക്യൂബോട്ട് സർക്കാർ സജീകരിച്ചിട്ടുണ്ട്. എന്നാൽ അത്യാവശ്യത്തിന് പോലും ഈ ബോട്ട് എത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ ഒമ്പത് സർവീസ് ബോട്ടുകളും ഒരു റെസ്ക്യു ബോട്ടുമാണ് ജലഗതാഗത വകുപ്പിന്റെ പാണാവള്ളി സബ് സ്റ്റേഷനിലുള്ളത്. അടിയന്തരമായി ബോട്ട് ആവശ്യപ്പെട്ടാൽ മറ്റൊരു രോഗിയുമായി പോകുകയാണെന്ന മറുപടിയാണ് ഇവർ പതിവായി നൽകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

റെസ്ക്യു ബോട്ട് വന്നില്ല

പക്ഷേ പൊലീസ് വന്നു

2020 നവംബർ 17നാണ് സംഭവം. രാവിലെ ശ്വാസതടസം നേരിട്ട പെരുമ്പളം സ്വദേശി വത്സൻ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് റെസ്ക്യു ബോട്ട് വിളിച്ചു. എന്നാൽ പതിവ് പല്ലവി പോലെ മറ്റൊരു രോഗിയുമായി ആശുപത്രിയിൽ പോകുകയാണെന്ന മറുപടിയാണ് വത്സന് ലഭിച്ചത്. വത്സന് പിന്നെ സർവീസ് ബോട്ടിനെ ആശ്രയിക്കേണ്ടി വന്നു ആശുപത്രിയിലെത്താൻ.ആശുപത്രിയിലെ തിരിച്ച് മടങ്ങുന്നതിനിടെ വത്സൻ കണ്ടത് മറ്റൊരു രോഗിയുമായി പോയ റെസ്ക്യു ബോട്ടിൽ നിന്നും സർവീസ് ബോട്ടുകൾക്കായുള്ള ആറ് ബാരൽ ഡീസൽ ഇറക്കുന്ന കാഴ്ച. രോഗികളെ കയറ്റാതെ ആംബുലൻസ് ദുരുപയോഗം ചെയ്യുന്നത് വത്സ്യൻ ചോദ്യം ചെയ്തു. എന്നാൽ ജീവനക്കാർ പൂച്ചാക്കൽ സ്റ്റേഷനിൽ വത്സൻ തങ്ങളെ അസഭ്യം പറഞ്ഞാന്നാരോപിച്ച് പരാതി നൽകുകാണ് ചെയ്തത്.

സംഭവത്തിൽ രോഗിയായ വത്സനെതിരെ പൂച്ചാക്കൽ സ്റ്റേഷനിൽ കേസെടുത്തിട്ടില്ല.

എസ്.എച്. ഒ

പൂച്ചാക്കൽ

ജലഗതാഗത വകുപ്പ് വിശദീകരണം

വത്സൻ വിളിച്ച് ഭീഷണിപ്പെടുത്തി. രോഗി നേരിട്ട് വിളിക്കാതെ പഞ്ചായത്ത്, ആരോഗ്യ പ്രവർത്തകർ ആരെങ്കിലുമാണ് ആംബുലൻസ് വിളിക്കേണ്ടത്. ഭീഷണി സംംബന്ധിച്ച് സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിരുന്നു.അദ്ദേഹം ഇക്കാര്യം പൂച്ചാക്കൽ സ്റ്റേഷനിൽ അറിയിച്ചിരുന്നു.

അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി ആംബുലൻസ് ബോട്ട് വിളിച്ചാൽ അവർക്കെതിരെ കള്ളകേസ് കൊടുക്കുന്ന ബോട്ട് ജീവനക്കാർക്കെതിരെ അന്വേഷണം നടത്തി മാതൃകാ പരമായി ശിക്ഷ നൽകണം

കെ.ആർ. സോമനാഥൻ ,

പ്രസിഡന്റ്

ബോട്ട് പാസഞ്ചേഴ്സ് അസോ.

പാണാവള്ളി

രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ സർക്കാർ അനുവദിച്ച റസ്ക്യൂ ബോട്ട് ഡീസൽ നിറക്കാൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഒറ്റപ്പെട്ട ദ്വീപുകളിൽ അധിവസിക്കുന്നവരുടെ ആശ്രയമായ ആംബുലൻസ് ബോട്ട് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നീതികേടാണ്.

എം.എസ് ദേവരാജ്

പൊതുപ്രവർത്തകൻ