vegi

കോലഞ്ചേരി: 2021ലും പിടിച്ചുകെട്ടാനായില്ല. പച്ചക്കറി വില കുതിപ്പ് തുടരുന്നു. നാട്ടിൻപുറങ്ങളിലടക്കം സർവസാധാരണയായി കാണുന്ന മുരിങ്ങാക്കോൽ വില 200 കടന്നു. തൊട്ട് പിന്നിലുണ്ട് ബീൻസും, പയറും, വെണ്ടയുമെല്ലാം. ചെറി ഉള്ളിയുടേയും വില ഉയർന്നു. വരവ് കുറഞ്ഞതാണ് ചെറിയ ഉള്ളിയുടെ വല വർദ്ധനയ്ക്ക് പിന്നിൽ. പൊള്ളാച്ചി കോയമ്പത്തൂർ മാർക്കറ്റുകളിൽ നിന്നുമാണ് ഉള്ളിയുടെ വരവ്. വില 90 -100 ലാണ് ചില്ലറ വില്പന. ഒരിടയ്ക്ക് കൂപ്പുകുത്തിയ സവാളയ്ക്ക് ഇപ്പോൾ കിലോ ഗ്രാമിന് 50 രൂപ നൽണം. തമിഴ്‌നാട്ടിലെ പച്ചക്കറികൃഷിയെ മഴ ചതിച്ചതാണ് വിലക്കുതിപ്പിന് കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. മുൻ വർഷം ഇതേ സമയത്തും പച്ചക്കറി വില വൻ മുന്നേറ്റത്തിലായിരുന്നു. മുരിങ്ങ വില 400 രൂപവരെ എത്തിയിരുന്നു. മൂന്നാഴ്ച മുമ്പു വരെ 30 - 40 രൂപയിൽ നിന്ന പയർ, ബീൻസ്, വെണ്ട ഇനങ്ങൾ 70 - 85 രൂപയായി. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. അപ്രതീക്ഷിതമാണ് വിലക്കയറ്റം. പക്ഷിപ്പനി ഭീതിയിൽ കോഴിക്കുണ്ടായ ഇടിവ് പച്ചക്കറിയിൽ പ്രതിഫലിച്ചു. പച്ചക്കറിക്ക് ആവശ്യക്കാർ കൂടിയതും വിലക്കയറ്റത്തിന് ഒരു കാരണമാണ്.

ചെങ്കോട്ട, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് വെണ്ടയ്ക്ക പച്ചക്കറി മാർക്ക​റ്റിൽ എത്തുന്നത്. മഴയും കൃഷി കുറഞ്ഞതുമാണ് വെണ്ടയുടെ വിലവർദ്ധനയ്ക്ക് കാരണം. മൈസൂരുവിലെ മഞ്ഞിൽ ബീൻസിനുണ്ടായ നാശമാണ് ബീൻസിന്റെ വില കുതിക്കാൻ കാരണം. പച്ചക്കറിയ്കൊപ്പം മീൻ വിലയും ഉയർന്നതോടെ അടുക്കള ബഡ്ജറ്റിന് തിരിച്ചടിയായിട്ടുണ്ട്. ചെറിയ മീനുകൾക്കെല്ലാം തന്നെ വില 200 നു മുകളിലാണ്. കോഴി മാത്രമാണ് ആശ്വാസ വില 90 - 100 നിരക്കിലാണ് വില്പന.