കൊച്ചി: പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കൗൺസിലർ പാർട്ടിയിൽ നിന്ന് രാജി വച്ചതോടെ കൊച്ചി കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണം ആശങ്കയുടെ നിഴലിൽ. കൊച്ചങ്ങാടി ( ആറാം ഡിവിഷൻ )സി.പി.എം കൗൺസിലർ എം.എച്ച്.എം അഷ്റഫാണ് പാർട്ടി മെമ്പർഷിപ്പും മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗത്വവും രാജിവച്ചത്. ഇന്നലെ രാവിലെ നടന്ന സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ടു ചെയ്ത ശേഷമായിരുന്നു രാജിപ്രഖ്യാപനം. സ്ഥിരംസമിതി ചെയർമാൻ സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

എൽ.ഡി.എഫിന് ആറു സമിതികൾ

എട്ടിൽ ആറു സ്ഥിരംസമിതികൾ എൽ.ഡി.എഫിനും ഓരോ കമ്മിറ്റികൾ വീതം യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിച്ചു. കൊച്ചി കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് ഭരണപങ്കാളിത്തം ലഭിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. നികുതി അപ്പീൽ സമിതി അദ്ധ്യക്ഷയായി ബി.ജെ.പിയിലെ പ്രിയ പ്രശാന്ത് വിജയിച്ചു.കെ .എ .അൻസിയ (ധനകാര്യം), പി.ആർ. റെനീഷ്(വികസനകാര്യം), ഷീബലാൽ(ക്ഷേമം), ടി .കെ .അഷ്‌റഫ്(ആരോഗ്യം), ജെ സനിൽ മോൻ(നഗരാസൂത്രണം), വി .എ ശ്രീജിത്ത്(വിദ്യാഭ്യാസം, കായികം) എന്നിവരാണ് എൽ.ഡി.എഫ് അംഗങ്ങൾ. മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷയായി യു.ഡി.എഫിലെ സുനിതാ ഡിക്‌സൺ തിരഞ്ഞെടുക്കപ്പെട്ടു.
9 അംഗങ്ങളാണ് ഓരോ സ്ഥിരംസമിതിയിലുമുള്ളത്. എൽ.ഡി.എഫ് അദ്ധ്യക്ഷരെല്ലാം അഞ്ച് വോട്ടുകൾ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ സ്ഥാനത്തേക്കും യു.ഡി.എഫ് മത്സരിച്ചിരുന്നു. ഡെപ്യൂട്ടി മേയർ കെ .എ അൻസിയ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി നേരത്തെ ചുമതലയേറ്റിരുന്നു. സ്ത്രീ സംവരണമുള്ള മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ആർ.എസ്.പിയുടെ കൗൺസിലറാണ് അദ്ധ്യക്ഷയായ സുനിത ഡിക്‌സൺ. സ്ത്രീ സംവരണ സീറ്റായ നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം നാല് അംഗങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി നേടിയത്. രണ്ടംഗങ്ങളുള്ള എൽ.ഡി.എഫും മൂന്ന് അംഗങ്ങളുള്ള യു.ഡി.എഫും മത്സരരംഗത്തുണ്ടായിരുന്നു.

കൗൺസിലർ സ്ഥാനത്ത് തുടരും

2005 മുതൽ കൊച്ചങ്ങാടിയിൽ നിന്ന് ഞാനും ഭാര്യ സുനിത അഷ്‌റഫും മാറി മാറി കൗൺസിലറായിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് സി.പി.എമ്മിൽ അംഗത്വമെടുത്തത്. എൽ.ഡി.എഫ് സ്വതന്ത്രരായാണ് അതുവരെ വിജയിച്ചത്. അധികാരത്തിനു വേണ്ടിയായിരുന്നെങ്കിൽ കഴിഞ്ഞ രണ്ടു ടേമിലും യു.ഡി.എഫിന് ഒപ്പം ചേരാമായിരുന്നു. നാലു മാസം മുമ്പു വരെ അനഭിമതരായിരുന്നവർക്ക് ഇപ്പോൾ സ്ഥാനമാനങ്ങൾ നൽകുന്ന സി.പി.എം ഒപ്പമുണ്ടായിരുന്നവരെ തള്ളിപ്പറയുന്നതിലുള്ള മനോവിഷമം കൊണ്ടാണ് പാർട്ടി അംഗത്വം രാജിവച്ചത്. കൗൺസിലർ സ്ഥാനത്ത് തുടരും.എൽ.ഡി.എഫിനെ പിന്തുണയ്ക്കും. അതേസമയം ന്യായമായ ആവശ്യങ്ങളിൽ യു.ഡി.എഫുമായി സഹകരിക്കും. ഏതെങ്കിലും വിഷയത്തിൽ വോട്ടെടുപ്പ് വന്നാൽ അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കും.

എം.എച്ച്.എം അഷ്റഫ്

യു.ഡി.എഫിനെ പഴിചാരി മേയർ

കോർപ്പറേഷനിൽ ബി.ജെ.പി സ്ഥിരം സമിതി അദ്ധ്യക്ഷ പദവി നേടാൻ കാരണം യു.ഡി.എഫാണെന്നും അതു കോൺഗ്രസിനു രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.കോർപ്പറേഷനിൽ അസാധാരണ സാഹചര്യമുണ്ടാകാൻ യു.ഡി.എഫിന്റെ നിലപാട് കാരണമായെന്നും മേയർ പറഞ്ഞു