ernakulam

കൊച്ചി: തിങ്കളാഴ്ച മുതൽ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇ കാറ്ററിംഗ് പ്രവർത്തന സജ്ജമാകും. സമ്പൂർണ്ണ ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് ആദ്യമായി ഇ കാറ്ററിംഗ് പ്രവർത്തന സജ്ജമാകുന്ന റെയിൽവേ സ്റ്റേഷനാണ് എറണാകുളം ജംഗ്ഷൻ.

സംസ്ഥാനത്തെ എ വൺ കാറ്റഗറിയിൽ വരുന്ന തിരുവനന്തപുരം, എറണാകുളം ജംഗ്ഷൻ, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ ഇ കാറ്ററിംഗ് സർവീസ് പുനഃരാരംഭിക്കാൻ കൊച്ചിയിലെ ഐ.ആർ.സി.ടി.സി കേരള റീജിയണൽ മാനേജർ നിർദ്ദേശം നൽകിയിരുന്നു . എന്നാൽ മറ്റ് സ്റ്റേഷനുകളിലെ ഏജൻസികൾ ചില സാങ്കേതിക തടസങ്ങൾ ഉന്നയിച്ചതിനാൽ തൽക്കാലം എറണാകുളത്ത് മാത്രം ഇ കാറ്ററിംഗ് സർവീസ് ആരംഭിക്കാനാണ് തീരുമാനം.

എ വൺ കാറ്റഗറിയിലുള്ള സ്റ്റേഷനിൽ ആരംഭിച്ച ശേഷം മാത്രമെ മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ ഇ കാറ്ററിംഗ് സംവിധാനം ആരംഭിക്കുകയുള്ളു. ഈ മാസം അവസാനത്തോടെ മുഴുവൻ സ്റ്റേഷനുകളിലും ഇ കാറ്ററിംഗ് പുനഃരാരംഭിക്കാനായിരുന്നു പദ്ധതി .എന്നാൽ അല്പം കൂടി വൈകുമെന്നാണ് സൂചന..

ഇ കാറ്ററിംഗ് സർവീസ് പുന:രാരംഭിക്കാൻ അനുമതി തേടി ഐ.ആർ.സി.ടി.സി നേരത്തെ റെയിൽവെയ്ക്ക് കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് കർശനവ്യവസ്ഥകളോടെ സർവീസ് വീണ്ടും അനുവദിച്ചത്.


നിബന്ധനകൾ ഇങ്ങനെ

1.റസ്റ്റോറന്റിന്റെ അടുക്കള ദിവസവും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.

2.പാചകക്കാരുടെയെന്ന പോലെ മറ്റ് ജീവനക്കാരുടെയും ശരീരോഷ്മാവ് പതിവായി പരിശോധിച്ചിരിക്കണം.

3.99 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ശരീര ഊഷ്മാവുള്ളവർ ജോലി ചെയ്യാൻ പാടില്ല

4.ജോലിക്കിടയിൽ ഈ പരിധി കടന്നാലും ഉടൻ നിറുത്തണം.

5.മാസ്‌കോ, ഫേസ് ഷീൽഡോ നിർബന്ധമായും ധരിക്കണം.

6.മൂന്നു നേരവും പാഴ്‌സൽ ബാഗുകൾ അണുവിമുക്തമാക്കേണ്ടതുണ്ട്.

7.പാഴ്‌സൽ കൈമാറുമ്പോൾ യാത്രക്കാരുടെകൈകൾ സ്പർശിക്കാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണം.

8.പാചകതൊഴിലാളികളം മറ്റ് ജീവനക്കാരും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം