കൊച്ചി: കൊച്ചി കാൻസർ സെന്റർ നിർമ്മാണത്തിന്റെ ഉപകരാർ റദ്ദാക്കി. ചെന്നൈ ആസ്ഥാനമായ പി.ആൻഡ്.സി കമ്പനിയ്ക്ക് നൽകിയ കരാറാണ് ഇൻകെൽ റദ്ദാക്കിയത്. ഈ മാസം 31 വരെ ഇവർക്ക് സമയം അനുവദിച്ചിട്ടുണ്ട്. തുടർച്ചയായി വരുത്തുന്ന വീഴ്ച കണക്കിലെടുത്താണ് നടപടി. പുതിയ കരാർ നടപടികളുമായി ഇൻകെൽ മുന്നോട്ട് പോകും. കെട്ടിടനിർമാണം ഗുണനിലവാരമില്ലാത്തതും നേരിട്ട കാലതാമസവുമാണ് പി.ആൻഡ്.സി കമ്പനിയ്ക്ക് വിനയായത്.കാൻസർ സെന്ററിന്റെ 40 ശതമാനം ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. തുടർച്ചയായി കരാർ ലംഘനം കണ്ടെത്തിയതോടെ പദ്ധതി നിർത്തിവയ്ക്കാൻ കിഫ്ബി ആവശ്യപ്പെട്ടിരുന്നു. കിഫ്ബി സി.ഇ.ഒ ഡോ. കെ എം എബ്രഹാം പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇൻകെലിന്റെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു. ഈ യോഗമാണ് കർശന നടപടിക്ക് വഴിയൊരുക്കിയത്.ഷട്ടറിംഗ് ജോലികൾ പൂർത്തിയാക്കിയ സ്ഥലത്തെ അവശേഷിക്കുന്ന സ്ലാബുകൾ ഈ മാസം 31നുള്ളിൽ പി ആൻഡ് സി സ്ഥാപിക്കും. 87. 14 കോടി രൂപയ്ക്കാണ് കമ്പനി കരാർ എടുത്തത്. ഇതിൽ 20 കോടി രൂപയോളം കൈപ്പറ്റിക്കഴിഞ്ഞു. കരാർ പ്രകാരം ജൂലായി കെട്ടിടനിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു. സമയം പലതവണ നീട്ടി നൽകിയിട്ടും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായില്ല.

അനാസ്ഥകളേറെ
കഴിഞ്ഞ നവംബർ 6 ന് കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അതോറിറ്റിയുടെ പരിശോധനയിൽ നിർമ്മാണത്തിൽ കാലതാമസവും ഗുണനിലവാരപ്രശ്‌നങ്ങളും കണ്ടെത്തിയിരുന്നു. 2019 നവംബറിൽ ഇവിടെ നിർമ്മാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണു.ഈ അപകടത്തിന് മുമ്പ് തന്നെ കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അതോറിറ്റി നിർമ്മാണത്തിലെ ഗുരുതര പിഴവുകളും കാലതാമസവും ചൂണ്ടിക്കാട്ടി തിരുത്തൽ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പരിഹരിക്കാൻ പി.ആൻഡ്.സി തയ്യാറായില്ലെന്നാണ് ഇൻകെൽ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഒരുതവണ പി.ആൻഡ്.സിയെ ഒഴിവാക്കാൻ ഇൻകെൽ തീരുമാനിച്ചെങ്കിലും ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് സമയം നീട്ടിനൽകിയത്.


കൊവിഡും ഫണ്ടു വരവും
പ്രവർത്തനത്തെ ബാധിച്ചു

മുഖ്യ കരാറുകാരായ ഇൻകെലിൽ നിന്ന് മൂന്നു മാസം വരെ കാലതാമസത്തിലാണ് ഫണ്ടുകൾ മാറി ലഭിച്ചിരുന്നത്. ഇതു നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചു. കൂടാതെ കൊവിഡ് കാലത്തെ ലോക്ക്ഡൗൺ സമയത്തും പണികൾ മുന്നോട്ട് കൊണ്ടുപോവാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

വിശ്വനാഥൻ
ജനറൽ മാനേജർ
ചെന്നൈ പി.ആൻഡ്.സി കമ്പനി

അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കണം:

നിരവധി തവണ വീഴ്ച്ചകൾ വരുത്തിയിട്ടും കരാറുകാരെ മാറ്റാൻ ഇൻകെല്ലോ കിഫ്ബിയോ തയ്യാറായില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം. അതുമല്ലെങ്കിൽ ഡി.എം.ആർ.സി. പോലെ കാര്യക്ഷമതയുള്ള കമ്പനിയ്ക്ക് നിർമ്മാണ ചുമതല നൽകണം.
ഡോ.എൻ.കെ. സനിൽകുമാർ
ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്‌മെന്റ്