പട്ടിമറ്റം: പുളുഞ്ചുവട് റോഡരുകിൽ ഉണങ്ങി നിൽക്കുന്ന മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയായി വരുന്ന റോഡിലാണ് ഏതു നിമിഷവും നിലം പൊത്താവുന്ന മരം നിൽക്കുന്നത്. ഉണക്കേറിയ ഓരോ ഭാഗങ്ങളും നിലവിൽ ഇടക്കിടെ അടർന്നു വീഴുന്നുണ്ട്. ബീവറേജസ് കോർപ്പറേഷനിലേക്കുള്ള കാൽ നട യാത്രക്കാരടക്കം നിരവധി വാഹനങ്ങൾ സദാ സമയവും ചീറിപ്പായുന്ന വഴിയാണിത്. റോഡ് വികസനത്തിന്റെ ഭാഗമായി ഈ റോഡിലുൾപ്പടെ 45 മരങ്ങൾ വെട്ടി മാറ്റാൻ പൊതു മരാമത്ത് വകുപ്പ് നിർദ്ദേശം നല്കിയെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. അതിനിടയിൽ റോഡു പണി പൂർത്തിയായി വരികയാണ്. വകുപ്പുകളുടെ ശീത സമരത്തിൽ ഉണങ്ങിയ മരം ഇനിയും വെട്ടി മാറ്റാതിരുന്നാൽ വലിയ അപകടമാകാം സംഭവിക്കുന്നത്.