1

തൃക്കാക്കര : സോഷ്യൽ മീഡിയ ചതിച്ചു. കാക്കനാട് കളക്ട്രേറ്റിൽ ഇന്നലെ നടന്ന ജോബ് ഡ്രൈവ് ആകെ കുളമായി. പുലവാല് പിടിച്ച് ഉദ്യോഗസ്ഥരും. പ്രമുഖ കമ്പനിയിലേക്കുള്ള ജോബ് ഡ്രൈവ് അറിഞ്ഞ് എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരടക്കം എംപ്ലോയബിലിറ്റി സെന്ററിലേക്ക് ഒഴുകിയെത്തിയതോടെയാണ് ജില്ലാ ഭരണകൂട ആസ്ഥാനത്ത് തന്നെ കാര്യങ്ങൾ കൈവിട്ടുപോയത്.

ഇന്നലെ രാവിലെ ഒമ്പതു മണിമുതൽ തന്നെ ജില്ലാ എംപ്ലോയ്മെന്റ് സെന്റർ തിങ്ങി നിറഞ്ഞു. പതിനൊന്ന് മണിയായതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയായി. ജോബ് ഡ്രൈവ് മൂലം കളക്ടറേറ്റിൽ കൊവിഡ് മാർഗനി‌ർദേശ ലംഘനം നടക്കുന്നതായി സുരക്ഷാ ജീവനക്കാരും, പൊലീസ് രഹസ്യാനേഷണ വിഭാഗവും ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതോടെ ഇന്റെവ്യൂ അവിടെ നിന്നും മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ ജോബ് ഡ്രൈവ് നഗരസഭ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. എന്നാൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കമ്മ്യൂണിറ്റി ഹാളിലേക്ക് എത്തിയതോടെ ഇവിടെയും നിറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ അഞ്ചു കമ്പനിയിലേക്കാണ് ജോബ് ഡ്രൈവ് നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾക്കുള്ള ജില്ലയിൽ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് പ്രകടമായ സംഭവമായി ജോബ് ഡ്രൈവ് മാറി. മാർഗനിദേശ ലംഘനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നഗരസഭ ഉദ്യോഗസ്ഥരും,പൊലീസും ജില്ലാ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. സാമൂഹിക അകലമടക്കം ഉറപ്പാക്കുമെന്ന് കർശന നിലപാട് എടുത്തതോടെ ആദ്യം എത്തിയ ഇരുന്നൂറു പേർക്ക് മാത്രം ടോക്കൺ നൽകുകയും മറ്റുള്ളവരുടെ ബയോഡാറ്റ വാങ്ങിച്ച് പ്രശ്നത്തിൽ നിന്നും ഉദ്യോഗസ്ഥർ തടിയൂരുകയായിരുന്നു