കിഴക്കമ്പലം: വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കര, ജാമിയ പ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് ടാർ ചെയ്യാൻ വച്ചിരുന്ന 31 ടാർ വീപ്പകൾ മോഷണം പോയ കേസിൽ അന്യസംസ്ഥാനക്കാരായ മൂന്ന് യുവാക്കളെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ സ്വദേശികളും ടാറിംഗ് തൊഴിലാളികളുമായ ആകാശ് (19), ഇസാജുൽ (24), രാജൻ ഷെയ്ക്ക് (21) എന്നിവരെയാണ് പിടികൂടിയത്. ഇവർ ടാർ കയറ്റിക്കൊണ്ടുപോയ ടിപ്പറും പിടിച്ചെടുത്തിട്ടുണ്ട്. ഒന്നാംപ്രതി കരാറുകാരൻ ജോബി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.കൈപ്പൂരിക്കര ഭാഗത്തുനിന്ന് 18 വീപ്പയും ജാമിയഭാഗത്തുനിന്ന് 13 വീപ്പയുമാണ് മോഷണം പോയത്. പരിസരത്തെ സി.സി.ടി.വി കാമറ പരിശോധിച്ചും മൊബൈൽനമ്പർ പിന്തുടർന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.