കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ഭരണപങ്കാളിത്തം. ഇന്നലെ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ടാക്സ് അപ്പീൽ കമ്മിറ്റി ബി.ജെ.പിക്ക് ലഭിച്ചു. ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്തിനെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുത്തു.
ബി.ജെ.പിക്ക് കോർപ്പറേഷനിൽ അഞ്ച് കൗൺസിലർമാരാണുള്ളത്. സ്ത്രീസംവരണമായ ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നാല് അംഗങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി വിജയിച്ചത്. രണ്ട് അംഗങ്ങളുള്ള എൽ.ഡി.എഫും മൂന്ന് അംഗങ്ങളുള്ള യു.ഡി.എഫും മത്സരരംഗത്തുണ്ടായിരുന്നത് ബി.ജെ.പിയെ തുണയ്ക്കുകയായിരുന്നു.
അതേസമയം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം കൗൺസിലർ എം.എച്ച്.എം അഷറഫ് പാർട്ടി അംഗത്വം രാജിവച്ചത് എൽ.ഡി.എഫ് ഭരണസമിതിക്ക് കനത്ത തിരിച്ചടിയായി.
ബി.ജെ.പിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പദവി ലഭിക്കാൻ കാരണം യു.ഡി.എഫ് നിലപാടാണെന്നും അതു കോൺഗ്രസിനു രാഷ്ട്രീയമായി ക്ഷീണംചെയ്യുമെന്നും മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു.