കൊച്ചി: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പശ്ചിമകൊച്ചിയിൽ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഡിവിഷനുകളിൽ എൽ.ഡി.എഫിനുണ്ടായ പരാജയത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കൗൺസിലറുടെ അപ്രതീക്ഷിത രാജി സി.പി.എമ്മിന് കനത്ത പ്രഹരമായി. കൗൺസിലറായ എം.എച്ച്.എം. അഷ്‌റഫ് മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ അംഗത്വം രാജിവച്ചത് സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയുടെ പിടിപ്പു കേടിന് തെളിവാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. അണികളുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് സി.പി.എം ഇത്തവണ അഷ്റഫിനെ സ്ഥാനാർത്ഥിയാക്കിയത്. ഇദ്ദേഹം ജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ 20 വർഷമായി ഇടതുപക്ഷ സ്വതന്ത്രരായാണ് അഷ്‌റഫും ഭാര്യയും തുടർച്ചയായി ഈ വാർഡിൽ മത്സരിച്ചിരുന്നത്. ഇത് പേയ്മെന്റ് സീറ്റാണെന്ന ആക്ഷേപം ഒഴിവാക്കുന്നതിനാണ് ബിസനസുകാരനായ അഷ്‌റഫിന് ഒന്നര വർഷം മുമ്പ് പാർട്ടിയിൽ മെമ്പർഷിപ്പ് നൽകിയതെന്നും ആക്ഷേപമുണ്ട്. വിജയിച്ചാൽ ചെയർമാൻ സ്ഥാനം നൽകാമെന്ന് ഇത്തവണ വാഗ്‌ദാനവും നൽകി. എന്നാൽ മൂന്ന് വിമതൻമാരുടെ സഹായത്തോടെ അധികാരം പിടിച്ചെടുത്ത എൽ.ഡി.എഫ് അഷ്‌റഫിനെ തീരെ പരിഗണിച്ചില്ല. കോൺഗ്രസ് വിമതനായ സനിൽമോന് ചെയർമാൻ സ്ഥാനം നൽകാനുള്ള തീരുമാനവും അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇദ്ദേഹം വോട്ട് അസാധുവാക്കിയതിനാൽ മരാമത്ത് സ്ഥിരംസമിതി കമ്മിറ്റി എൽ.ഡി.എഫിന് നഷ്‌ടപ്പെട്ടു. ഇന്നലത്തെ നഗരാസൂത്രണ കമ്മിറ്റി തിരഞ്ഞെടുപ്പിൽ അഷ്‌റഫ് പാർട്ടി തീരുമാനത്തിന് വിരുദ്ധമായി വോട്ടു ചെയ്യുമെന്ന പ്രചാരണമുണ്ടായെങ്കിലും അതുണ്ടായില്ല.

യു.ഡി.എഫുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന അഷ്റഫിന്റെ പ്രഖ്യാപനം എൽ.ഡി.എഫിനെ ആശങ്കയിലാക്കുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കരിപ്പാലം, കരുവേലിപ്പടി, മൂലങ്കുഴി, അമരാവതി തുടങ്ങിയ ഡിവിഷനുകളിലെ പരാജയത്തെ കുറിച്ച് സി.പി.എം നേതൃത്വം അന്വേഷണം നടത്തിവരുകയാണ്. അഷ്‌റഫിന്റെ രാജിയുടെ പശ്ചാത്തലത്തിൽ പേയ്‌മെന്റ് സീറ്റുകളെ കുറിച്ച് അന്വേഷണന നടത്തണമെന്നും മുറവിളികൾ ഉയരുന്നുണ്ട്. അതേസമയം പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് അടിസ്ഥാന ധാരണപോലുമില്ലാത്തതിനാലാണ് കൗൺസിലർ വിലപേശൽ രാഷ്‌ട്രിയം കളിക്കുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. പ്രാദേശിക തലത്തിലുള്ള അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുതെടുക്കാതെ അടിച്ചേൽപ്പിച്ച തീരുമാനങ്ങൾ ആശിച്ചു കിട്ടിയ ഭരണത്തെ പോലും ഉലയ്ക്കുമെന്നും ആശങ്കയുണ്ട്.

അധികവും പശ്ചിമകൊച്ചിക്കാർ

അഷ്‌റഫും പാർട്ടിയുടെ പ്രാദേശികഘടകവുമായി ഉണ്ടായ ചില തെറ്റിദ്ധാരണകളാവാം രാജിയിലേക്ക് നയിച്ചത്. ഡെപ്യൂട്ടി മേയർ ഉൾപ്പെടെ എൽ.ഡി.എഫിലെ നാലു സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ പശ്ചിമകൊച്ചിക്കാരായതിനാലാണ് അഷ്‌റഫിനെ കൂടി പരിഗണിക്കാതിരുന്നതെന്ന് സി.പി.എമ്മിലെ മുതിർന്ന നേതാവ് പറഞ്ഞു.