കോലഞ്ചേരി: ശുഭകാര്യ ലക്ഷണങ്ങൾ കണ്ടെത്താെൻ വെറ്റിലയാണ് വേണ്ടത്, എന്നാൽ വെറ്റില കർഷകർക്ക് ലോക്ക് ഡൗൺ കഴിഞ്ഞതോടെ കാലം അശുഭകരമാണ്. ലോക്ക് ഡൗൺ കഴിഞ്ഞ് വിപണി സജീവമായെങ്കിലും വെ​റ്റില കർഷകരുടെ കണ്ണീരൊടുങ്ങുന്നില്ല. വില തകർച്ച കാരണം കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണിവർ. വിപണി വിലയിൽ സ്ഥിരത ഇല്ലാത്തതിനാൽ എന്നും നഷ്ടക്കച്ചവടം മാത്രം.

ആഴ്ചതോറും വരുമാനം ലഭിക്കുന്ന കൃഷി ഒട്ടേറെ കർഷകരുടെ ഉപജീവന മാർഗമാണ്. കൃഷി ചിലവ് വർദ്ധിച്ചു. ഒരടുക്കിൽ 20 വെ​റ്റിലയുണ്ട് നാല് അടുക്കാണ് ഒരു കെട്ട്. 100കെട്ട് വെ​റ്റില അടുക്കി എടുക്കണമെങ്കിൽ നാലു പേരുടെ ജോലിയാണ്. ചന്തയിൽ എത്തിക്കാൻ വാഹനക്കൂലിയും വേണം.നിലവിലെ വിലയനുസരിച്ച് മുടക്കു മുതലും തിരിച്ചു കിട്ടാത്ത അവസ്ഥയാണെന്ന് കർഷകനായ ഒ.വി. രവീന്ദ്രൻ പറഞ്ഞു. പുലർച്ചെയാണ് വെ​റ്റില ചന്തയുടെ പ്രവർത്തനം.തമിഴ്‌നാട്ടിൽ നിന്നടക്കം വ്യാപാരികൾ എത്തിയാണ് കച്ചവടം. ഇടനിലക്കാർ വന്ന് ഒന്നോ രണ്ടോ കർഷകരിൽ നിന്ന് മേൽത്തരം വെ​റ്റില വാങ്ങി പേരിനു മാത്രം ഉയർന്ന വില നൽകും. തുടർന്ന് വില കുത്തനെ താഴ്ത്തും നേരം പുലരുമ്പോൾ മ​റ്റിടങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാർക്കും പ്രദേശത്തെ മുറുക്കാൻ കടകളിലും ഇവർ ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കും. വിപണി വിലയിൽ സ്ഥിരത ഇല്ലാത്തതിനാൽ വെ​റ്റില കർഷകർ നഷ്ടം നേരിടുന്നു. വിലയിടിയുന്ന ഘട്ടങ്ങളിൽ നിശ്ചിത തുക താങ്ങുവിലയായി പ്രഖ്യാപിച്ച് സർക്കാർ ഏജൻസികൾ സംഭരിച്ചാൽ കർഷകർക്ക് ആശ്വാസമാണ്. ഇതോടെ വിപണി വില ഉയരുകയും ഇടനിലക്കാർ ഒഴിവാകുകയും ചെയ്യും. ഇതാണ് കർഷകരുടെ ആവശ്യം.

വില കുത്തനെ കുറഞ്ഞു

ഒരു കെട്ട് വെ​റ്റിലയ്ക്ക് 200 രൂപ വരെ വില ഉയരാറുണ്ട്. ഇപ്പോൾ 30 രൂപയാണ് കർഷകന് ലഭിക്കുന്നത്. ചില അവസരങ്ങളിൽ വില ഒറ്റ അക്കത്തിലും എത്തും. ആയുർവേദ ഉൽപന്ന നിർമാണം, മംഗള കാര്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന വെ​റ്റിലയ്ക്ക് കൊവിഡ് കാലം ശുഭകരമല്ലാതായി.