മൂവാറ്റുപുഴ: ബസ് കാത്തിരിപ്പുകേന്ദ്രം എന്നാണ് പേര് എന്നാൽ ഇരിപ്പിടമില്ലാത്ത ബസ്‌കാത്തിരിപ്പ് കേന്ദ്രമാണിത് . നഗരത്തിലെ തിരക്കേറിയ പോസ്റ്റ് ഓഫീസ് ജംങ്ഷന്നിലെ കാത്തിരിപ്പുകേന്ദ്രത്തിലാണ് ഇരിപ്പിടമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് പി.ഒ.ജംങ്ഷൻ.ജനറൽ ആശുപത്രിയിലടക്കം സ്ഥിതി ചെയ്യുന്ന ഇവിടെ ദിവസേന നൂറുകണക്കിനാളുകളാണ് ബസ് കയറാനെത്തുന്നത്. തൊടുപുഴ, കല്ലൂർക്കാട്, ആയവന ഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാർക്കായി രണ്ടു കാത്തിരുപ്പുകേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഇരിപ്പിടമില്ലാത്തതിനാൽ വൃദ്ധരടക്കമുള്ള യാത്രക്കാർ ഒരേ നില്പ് നിൽക്കേണ്ട അവസ്ഥയാണ്. ഇതിനു പുറമെ പലയിടത്തും സ്ഥാപനങ്ങളുടെ വരാന്തയാണ് ബസ് കാത്തുനിൽപ്പുകേന്ദ്രമായി യാത്രക്കാർ ഉപയോഗിക്കുന്നത്. മഴക്കാലമായതിനാൽ തിങ്ങി നിറഞ്ഞുനിൽക്കേണ്ട അവസ്ഥയുമാണ്. ദിവസവും ആയിരക്കണക്കിനു യാത്രക്കാരെത്തുന്ന നഗരത്തിൽ കാത്തിരിപ്പു കേന്ദ്രങ്ങളുടെ അഭാവം ഏറെ ദയനീയമായ അവസ്ഥയിലാണ്. കൊവിഡ് മഹാമാരി പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടി നിൽക്കുന്നതും മറ്റൊരു ദുരിതമാണ്. അതേ സമയം നഗരത്തിൽ ഏതാനും കാത്തിരിപ്പുകേന്ദ്രങ്ങൾ നവീകരിക്കുകയും പുതുതായി നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ, പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ കാത്തിരിപ്പുകേന്ദ്രങ്ങളിലും ഇരിപ്പിടം തയാറാക്കി യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.