മൂവാറ്റുപുഴ: റിപ്പബ്ലിക് ദിനത്തിൽ മൂവാറ്റുപുഴയുടെ അഭിമാനമായി അജയ് കൃഷ്ണ. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്നതിന് മൂവാറ്റുപുഴ നിർമല കോളേജ് എൻ. സി. സി. യൂണിറ്റിലെ അംഗമായ കേഡറ്റ് അജയ് കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു. കേരള ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രീ റിപ്പബ്ലിക്ക് ദിന എൻ. സി. സി. ക്യാമ്പുകളിലെ മികച്ച പ്രകടനത്തിലെ അടിസ്ഥാനത്തിലാണ് അജയ് കൃഷ്ണയ്ക്ക് ഈ നേട്ടം കൈവരിക്കുവാനായത്. സീനിയർ ഡിവിഷൻ ആർമി വിഭാഗത്തിലായിരുന്നു മത്സരം. കേരളത്തിൽ നിന്നും ഈ വർഷം 26 എൻ. സി. സി. കേഡറ്റുകൾ മാത്രമാണ് ഡൽഹിയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്. കേരളത്തിൽ നിന്നും ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ച ഏക വിദ്യാർത്ഥിയാണ് അജയ് കൃഷ്ണ. ദേശീയ തലത്തിൽ നാലാം സ്ഥാനം കൈവരിക്കുവാനും അജയ്ക്ക് സാധിച്ചു. നിർമല കോളേജ് എൻ.സി.സി യൂണിറ്റിലെ കേഡറ്റുകൾ തുടർച്ചയായി രണ്ടാം തവണയാണ് ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ പങ്കെടുക്കുന്നത്. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദേശീയതലത്തിൽ പ്രസ്തുത സ്ഥാനം കരസ്ഥമാക്കുന്നത്. കൊവിഡ്-19 പ്രതിസന്ധിയിലും അജയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് കോളേജിന് അഭിമാനമാണെന്ന് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ് പറഞ്ഞു. രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ അജയ് കൃഷ്ണ പേഴയ്ക്കാപ്പിള്ളി, എടപ്പാട്ട്മുറ്റം ശശീന്ദ്രൻ നായരുടെയും മായമോളുടെയും മകനാണ്.