കൊച്ചി: പൂട്ടിക്കിടന്ന വീട്ടിലും ബസുകളിലും മോഷണം നടത്തിയ പ്രതിയെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. കലൂർ മണപ്പാട്ടിപ്പറമ്പ് സ്വദേശി അൻസാറാണ് (32) അറസ്റ്റിലായത്.

ആസാദ് റോഡിൽ മാസങ്ങളായി പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് നൂറു വർഷത്തോളം പഴക്കമുള്ള ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ചതും രാത്രി നഗരത്തിൽ പാർക്ക് ചെയ്യുന്ന ബസുകളിൽ നിന്നും ബാറ്ററിയും സ്‌പെയർപാർട്‌സും മോഷ്ടിക്കുന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ പത്തിന് കലൂർ മണപ്പാട്ടിപറമ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസിന്റെ ബാറ്ററിയും സ്‌പെയർപാർട്‌സും മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അന്വേഷിച്ച് മണപ്പാട്ടിപ്പറമ്പിലെ വീട്ടിൽ ചെന്നിരുന്നു. ഇത് മനസിലാക്കി ഒളിവിൽ പോയ പ്രതി ഇന്നലെ കുടുങ്ങുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് എസ്.ആർ.എം. റോഡിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് പഴക്കമുള്ള പാത്രങ്ങൾ മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചത്. ചെമ്പുപാത്രങ്ങൾ ചേരാനല്ലൂരിലെ ആന്റിക്ക് ഷോപ്പിൽ വില്പന നടത്തുകയും ചെയ്തിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി പ്രതി വില്പന നടത്തിയ പാത്രങ്ങളും ബാറ്ററിയും പൊലീസ് കണ്ടെടുത്തു. 6 മാസമായി ഉടമസ്ഥർ ബംഗളൂരുവിൽ ആയിരുന്നതിനാൽ മണപ്പാട്ടിപ്പറമ്പിലെ വീട്ടിൽ നടന്ന മോഷണവിവരം പുറത്തറിയാൻ വൈകിയിരുന്നു.

എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ വി.ബി. അനസ്, സിവിൽ പൊലീസ് ഒാഫീസർമാരായ എൻ.ആർ. രമേശ്, വിനീത്, അജിലേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.