കൊച്ചി: കാൻസർ സെന്ററിന്റെ പ്രവർത്തനം കളമശേരി മെഡിക്കൽ കോളേജ് കാമ്പസിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്‌മെന്റ് ആരോഗ്യമന്ത്രിയ്ക്ക് കത്തു നൽകി. നിലവിൽ സെന്റർ പ്രവർത്തിച്ചിരുന്ന എറണാകുളം മെഡിക്കൽ കോളേജ് പൂർണ കൊവിഡ് ആശുപത്രി ആയതിനെ തുടർന്ന് കാൻസർ സെന്റർ പ്രവർത്തനം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കാൻസർ ചികിത്സ ഉണ്ടായിരുന്ന ജനറൽ ആശുപത്രിയിൽ ഇവർ ഒരു സമാന്തര ഓ.പി.വിഭാഗമായി പ്രവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡേതര രോഗികൾക്ക് ചികിത്സ നൽകാൻ തീരുമാനിച്ചതിനോടൊപ്പം തന്നെ കാൻസർ സെന്ററിന്റെ പ്രവർത്തനവും കാമ്പസിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് ഡോ. എൻ.കെ. സനിൽകുമാർ പറഞ്ഞു.