accident

കോലഞ്ചേരി: മഴുവന്നൂർ സെന്റ് തോമസ് സർവീസ് സ്​റ്റേഷന് സമീപം ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. മംഗലത്തുനട സ്​റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ പാലമാ​റ്റം മാപ്പിനിക്കാട്ടിൽ എബ്രഹാമാണ് (കുഞ്ഞുമോൻ 64 ) മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ കോലഞ്ചേരിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് അപകടം. പെരുമ്പാവൂരിൽ നിന്നും കോലഞ്ചേരി ഭാഗത്തേയ്ക്ക് പോകുന്ന ബസ് വളവിൽ പെട്ടെന്ന് തിരിഞ്ഞുകയറിവന്ന് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബസിനടിയിലേക്ക് തെറിച്ചുവീണ എബ്രഹാം തത്ക്ഷണം മരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആനി. മക്കൾ: സഞ്ജു, ചിഞ്ചു. മരുമക്കൾ: റഷീദ, രാജ‌ു.